കൊച്ചി: മാലിന്യ സംസ്‌കരണത്തിൽ കൊച്ചി മേയർ സമ്പൂർണ പരാജയമെന്ന് വിമർശിച്ച് ഹൈബി ഈഡൻ എംപി. ഇതിൽ നിന്ന് ശ്രദ്ധ തിരിക്കാൻ മേയർ തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നു. കോർപ്പറേഷനിൽ ബിജെപി- സിപിഎം അന്തർധാര ശക്തമെന്നും ഹൈബി ഈഡൻ പറഞ്ഞു. മേയറെ സഹായിക്കാനാണ് ബിജെപി കൗൺസിലർമാർ ശ്രമിക്കുന്നത്.

കൊച്ചി കോർപ്പറേഷനെതിരെ ഫയർ ഫോഴ്‌സ് മേധാവി ബി സന്ധ്യ രംഗത്തെത്തിയിരുന്നു. ബ്രഹ്‌മപുരത്തുകൊച്ചി കോർപ്പറേഷനുണ്ടായത് ഗുരുതര സുരക്ഷാ വീഴ്ചയെന്ന് ഫയർ ഫോഴ്‌സ് മേധാവി ബി. സന്ധ്യ കുറ്റപ്പെടുത്തി. ദുരന്ത നിവാരണ നിയമപ്രകാരം കോർപ്പറേഷനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സന്ധ്യ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി.

2019ലും, 2020ലും ബ്രഹ്‌മപുരത്ത് തീപിടുത്തമുണ്ടായി. സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും നടപ്പാക്കിയില്ല. വീഴ്ച ആവർത്തിക്കുന്നതിനാൽ കോർപ്പറേഷനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ബി. സന്ധ്യ കത്തിൽ ആവശ്യപ്പെട്ടു. ഫയർഫോഴ്‌സ് മേധാവി ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. അസ്വാഭാവിക തീപിടിത്തിൽ സമഗ്ര പൊലീസ് അന്വേഷണം വേണമെന്നും.ബ്രഹ്‌മപുരത്ത് പൊലീസ് നിരീക്ഷണം കർശനമാക്കണമെന്നും അവർ ആവശ്യപ്പെട്ടു.