പെരിന്തൽമണ്ണ: ഖത്തറിൽ ജയിലിലായ ദിവേഷ്ലാലിന്റെ മോചനത്തിന് ദയാധനം സ്വരൂപിക്കാൻ ഒത്തൊരുമിച്ച് നാട്ടുകാരും വീട്ടുകാരും. ദിവേഷിന്റെ നിർത്തിയിട്ട വാഹനം മുന്നോട്ടു നീങ്ങി ഈജിപ്ത് സ്വദേശി മരിക്കാനിടയായ സംഭവത്തിലാണ് വലമ്പൂർ മുള്ള്യാകുർശി സ്വദേശി കളപ്പാറ കുട്ടൻ എന്ന ദിവേഷ്ലാൽ (32) ആണ് ഖത്തറിൽ നിയമ നടപടി നേരിടുന്നത്. ഖത്തർ സർക്കാർ ദയാധനമായി നിശ്ചയിച്ചിട്ടുള്ളത് 46 ലക്ഷം രൂപയാണ് (2,03,000 ഖത്തർ റിയാൽ). നാട്ടിലുള്ള കുടുംബത്തിന്റെ ദാരിദ്ര്യം മാറ്റാനാണ് ദിവേഷ് ഖത്തറിലേക്ക് വിമാനം കയറിയത്. എന്നാൽ ഇപ്പോൾ അത് ആ കുടുംബത്തിന് തീരാദുഃഖമായി മാറിയിരിക്കുകയാണ്.

പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉൾപ്പെടെയുള്ളവർ ദിവേഷ്ലാലിനെ സഹായിക്കണമെന്ന അഭ്യർത്ഥനയുമായി രംഗത്തെത്തി. കഴിഞ്ഞ ദിവസം ഭർത്താവിന്റെ മോചനത്തിന് വഴി തേടി ഭാര്യ നീതു കുഞ്ഞുമായി ബന്ധുക്കളോടൊപ്പം പാണക്കാട്ടെത്തിയിരുന്നു. സഹായ സമിതി ഭാരവാഹികളായ പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ അസീസ് പട്ടിക്കാട്, പഞ്ചായത്തു പ്രസിഡന്റുമാരായ കെ.പി.സഈദ (അങ്ങാടിപ്പുറം), ജമീല ചാലിയത്തൊടി (കീഴാറ്റൂർ) എന്നിവരും കൂടെയുണ്ടായിരുന്നു. മുനവ്വറലി തങ്ങൾ സഹായിക്കാമെന്ന ഉറപ്പും നൽകി. ഈ വിശ്വാസത്തിലാണ് നീതുവും കുഞ്ഞും സമാധാനത്തോടെ ഇരിക്കുന്നത്.

ഡ്രൈവറായ കുട്ടൻ തന്റെ വാഹനം റോഡിൽ നിർത്തി കടയിലേക്ക് പോയ സമയത്ത് വാഹനം തനിയെ നിരങ്ങി നീങ്ങി ഈജിപ്ത് സ്വദേശി അപകടത്തിൽ പെടുകയായിരുന്നു. റമസാൻ നോമ്പു കാലത്ത് ഖത്തർ അധികൃതർ ജയിൽവാസത്തിന് ഇളവ് നൽകിയിരുന്നു. ഈ ഇളവ് 15 ന് അവസാനിക്കുകയാണ്. അതിനകം തുക കണ്ടെത്താനാണ് തീവ്രശ്രമം. 10 ലക്ഷം രൂപ ബാങ്ക് വായ്പ എടുത്ത് നിർമ്മിച്ച വീടിന്റെ കടം വീട്ടാൻ നട്ടം തിരിയുന്ന ഭാര്യ നീതുവിന് 46 ലക്ഷം രൂപ സ്വരൂപിക്കാൻ വകയില്ല. നാട്ടിൽ ഓട്ടോ ഡ്രൈവറായിരുന്ന കുട്ടൻ കടം കയറിയപ്പോഴാണ് വിദേശത്തേക്ക് പോയത്.

ജനുവരി 13 ന് ഇവരുടെ മകളുടെ ഒന്നാം പിറന്നാളിന് നാട്ടിലേക്ക് മടങ്ങാനിരിക്കെ എട്ടിനായിരുന്നു അപകടം. കുടുംബത്തിന് സഹായമൊരുക്കാൻ ദിവേഷ്ലാൽ സഹായ സമിതി രൂപീകരിച്ച് നാട് മുന്നിലുണ്ട്. പട്ടിക്കാട് ചുങ്കത്ത് കേരള ഗ്രാമീൺ ബാങ്ക് ശാഖയിൽ കളപ്പാറ ദിവേഷ്ലാൽ സഹായ സമിതി 40678101126749 എന്ന നമ്പറിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.(ഐഎഫ്എസ്സി: കെഎൽജിബി 0040678). ഗൂഗിൾ പേ നമ്പർ: 9847620015.