കണ്ണൂർ: ടൂർ പാക്കേജിന്റെ പേരിൽ നിരവധി പേരെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത തൃശ്ശൂരിലെ ഏജൻസിക്കെതിരേ വ്യാപക പരാതി. തൃശ്ശൂർ നായിക്കനാൽ എ.ആർ. മേനോൻ റോഡിലെ 'എക്‌സലന്റ് ഇന്ത്യൻ ഹോളിഡേയ്‌സ്' എന്ന സ്ഥാപനത്തിനെതിരെയാണ് നിരവധി പേർ പരാതിയുമായി രംഗത്തെത്തിയത്. കശ്മരിലേക്കും തായ്‌ലൻഡിലേക്കും യാത്ര വാഗ്ദാനം ചെയ്താണ് പണം തട്ടിയെടുത്തത്. എന്നാൽ യാത്ര തരപ്പെടുത്തി നൽകിയതുമില്ല,

കശ്മീരിലേക്കുള്ള യാത്രയുടെ പേരിൽ 39,650 രൂപ വീതം നൽകിയ 41 പേരും തായ്ലാൻഡ് യാത്രയ്ക്ക് 42,000 രൂപവീതം നൽകിയ 28 പേരുമാണ് പരാതിയുമായി രംഗത്തെത്തിയത്.കബളിപ്പിക്കലിനിരയായവർ ടൂറിസംമന്ത്രി പി.എ. മുഹമ്മദ് റിയാസിനും വിവിധ പൊലീസ് സ്റ്റേഷനുകളിലും പരാതി നൽകി. പരാതിയിൽ പൊലീസ് അന്വേഷണമാരംഭിച്ചു. പരാതി ഉയർന്നശേഷം സ്ഥാപന ഉടമയായ യുവതിയെ മൊബൈലിൽ വിളിച്ചിട്ട് കിട്ടുന്നില്ലെന്നും പറയുന്നു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ കശ്മീർ യാത്രയുടെ പേരിൽ തട്ടിപ്പിനിരയായി. തായ്ലാൻഡ് യാത്രയുടെ പേരിൽ തട്ടിപ്പിനിരയായവർ കണ്ണൂരിലുള്ളവരാണ്. ഏപ്രിൽ മൂന്നിന് പുറപ്പെട്ട് എട്ടിന് തിരിച്ചെത്തുന്ന വിധത്തിലാണ് കശ്മീർ ടൂർ പ്ലാൻ ചെയ്ത് വിശ്വസിപ്പിച്ച് കബളിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു. എന്നാൽ കശ്മീരിൽ ഭൂകമ്പമുണ്ടായെന്നും റോഡുകൾ തകർന്നെന്നും യാത്രക്കാർക്കായി ഉണ്ടാക്കിയ വാട്‌സാപ്പ് ഗ്രൂപ്പിലൂടെ അറിയിച്ച് യാത്ര റദ്ദാക്കി. പിന്നീട് ഏപ്രിൽ ഏഴിന് നിശ്ചയിച്ച യാത്രയും മാറ്റി. ഇതേത്തുടർന്ന് 17-ന് പണം തിരിച്ചുനൽകാമെന്ന് പറഞ്ഞെങ്കിലും കിട്ടിയില്ല.

കണ്ണൂരിലെ യാത്രാസംഘത്തോട് തായ്ലൻഡിലേക്ക് ഡിസംബർ 26-ന് യാത്ര പുറപ്പെടുമെന്നാണ് അറിയിച്ചത്. നാല് രാത്രിയും അഞ്ച് പകലും നീളുന്ന യാത്രയാണ് വാഗ്ദാനം ചെയ്തിരുന്നത്. ചില സാങ്കേതികതടസ്സങ്ങൾ പറഞ്ഞ് യാത്ര ജനുവരി 25-ലേക്ക് മാറ്റിയതായി ഏജൻസി അറിയിച്ചെന്നും അതും നടന്നില്ലെന്നും പരാതിയിൽ പറയുന്നു. ഓഫീസിലെ രണ്ട് ജീവനക്കാർ പണം തട്ടിയെടുത്ത് വിദേശത്തേക്ക് മുങ്ങിയെന്നും അവരെ പിടികൂടി പണം ഈടാക്കാതെ യാത്ര നടത്താൻ കഴിയില്ലെന്നുമാണ് ഏജൻസി പിന്നീട് അറിയിച്ചതെന്നും പരാതിക്കാർ പറഞ്ഞു.