തിരുവനന്തപുരം: ബാലരാമപുരത്ത് മദ്രസ്സയിൽ വിദ്യാർത്ഥിനി തൂങ്ങിമരിച്ച സംഭവത്തിൽ കേസെടുത്ത് ദേശീയ ബാലാവകാശ കമ്മിഷൻ. എബിവിപി നാഷണൽ എക്‌സിക്യൂട്ടീവ് മെമ്പർ ഗ്രീഷ്മ നൽകിയ പരാതിയിലാണ് നടപടി. ദേശീയ ബലാവകാശ സംരക്ഷണ കമ്മീഷൻ അംഗം ഡോ ആർ ജി ആനന്ദ് ജില്ലാ കളക്ടറോട് 7 ദിവസത്തിനുള്ളിൽ നടപടി സ്വീകരിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു. കുട്ടിയുടെ കുടുംബത്തിന് ആവശ്യമായ നഷ്ടപരിഹാരം അനുവദിക്കാനും നിർദ്ദേശം നൽകി.

അസ്മിയയുടെ മരണത്തിന് പിന്നാലെ ബാലരാമപുരത്തെ അൽ അമാൻ ചാരിറ്റബിൾ ട്രസ്റ്റിനെതിരെ ഗുരുതര ആരോപണങ്ങളാണ് ബന്ധുക്കൾ ഉന്നയിക്കുന്നത്. മദ്രസ പ്രവർത്തിക്കാനുള്ള അനുമതി രേഖകൾ കമ്മീഷന് മുന്നിൽ ഹാജരാക്കാൻ സ്ഥാപനത്തിന് കഴിഞ്ഞിട്ടില്ല. സ്ഥാപനം നിയമപരമായാണോ പ്രവർത്തിക്കുന്നത് എന്നതടക്കമുള്ള കാര്യങ്ങൾ രണ്ടാഴ്ചയ്ക്കകം വിശദീകരിക്കാൻ നടത്തിപ്പുകാർക്ക് കമ്മീഷൻ നോട്ടീസ് നൽകി. സ്ഥാപനത്തിനെതിരെ അസ്മിയയുടെ ഉമ്മയും കമ്മീഷന് മൊഴി നൽകിയിട്ടുണ്ട്.