കൊച്ചി: ഉഭയ സമ്മതപ്രകാരമുള്ള വിവാഹമോചന ഹർജി പരിഗണിക്കുന്നതിനിടെ കക്ഷികളിലൊരാൾ വിവാഹമോചനത്തിനുള്ള സമ്മതം പിൻവലിച്ചാൽ വിവാഹ മോചനം അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ഭാര്യ സമ്മതമല്ലെന്ന് അറിയിച്ചതിനെത്തുടർന്ന് തിരുവനന്തപുരം കുടുംബക്കോടതി ഹർജി തള്ളിയ കേസിലാണ് ഹൈക്കോടതി വിധി. കായംകുളം സ്വദേശിയായ ഭർത്താവു നൽകിയ അപ്പീലിലാണു ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് പി.ജി.അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വിവാഹ മോചനം അനുവദിക്കാനാവില്ലെന്ന് വിധിച്ചത്.

ആദ്യം സമ്മതിച്ചശേഷം പിൻവാങ്ങിയതിന്റെ പേരിൽ ഹർജി തള്ളിയതു നിയമപരമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഭർത്താവ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഹൈക്കോടതി ഭർത്താവിന്റെ അപേക്ഷ തള്ളുകയായിരുന്നു.

2010 മേയിലായിരുന്നു വിവാഹം. 2019 ൽ പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് ഹർജി നൽകി. എന്നാൽ, മകന്റെ ക്ഷേമത്തിന് ഒരുമിച്ചു ജീവിക്കുന്നതാണു നല്ലതെന്നു ബോധ്യപ്പെട്ടെന്നും വിവാഹമോചനമെന്ന ആവശ്യത്തിൽനിന്നു പിന്മാറുകയാണെന്നും ഭാര്യ 2021 ഏപ്രിൽ 12 ന് കോടതിയിൽ പത്രിക നൽകി.

ഇരുവരും സമ്മതിച്ചാൽ മാത്രമേ ഹിന്ദു വിവാഹനിയമത്തിലെ 13 ബി വകുപ്പിൽ പറയുന്ന പ്രകാരമുള്ള ഉഭയസമ്മതവിവാഹമോചനം അനുവദിക്കാനാവൂ എന്ന സുപ്രീം കോടതിയുടെ ഉത്തരവ് ഹൈക്കോടതി ചൂണ്ടിക്കാട്ടി.