കൊല്ലം: മാരക ലഹരി മരുന്നായ എം.ഡി.എം.എയുമായി യുവാവ് പൊലീസ് പിടിയിലായി. വാളത്തുംഗൽ ഹൈദരാലി നഗർ 22ൽ വാഴക്കുളത്തിൽ പടിഞ്ഞാറ്റതിൽ ഷാജഹാന്റെ മകൻ അജ്മൽഷാ(24) ആണ് കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രിയിൽ പോളയത്തോട് നിന്നാണ് യുവാവ് 360 മില്ലീഗ്രാം എം.ഡി.എം.എയുമായി പിടിയിലായത്.

ലഹരിവസ്തുക്കൾ വിതരണം ചെയ്യുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാൾ കൊല്ലം സിറ്റി ഡാൻസാഫിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. തുടർന്ന് ഡാൻസാഫും കൊല്ലം ഈസ്റ്റ് പൊലീസും ചേർന്ന് ലഹരിമരുന്ന് ഉൾപ്പെടെ പിടികൂടുകയായിരുന്നു. കൊല്ലം സിറ്റി പരിധിയിൽ അനധികൃത ലഹരി വ്യാപാര സംഘങ്ങൾ നിരീക്ഷണത്തിലാണെന്നും സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിലും ശക്തമായ പരിശോധനകൾ തുടരുമെന്നും, സിറ്റി പൊലീസ് കമ്മീഷണർ മെറിൻ ജോസഫ് ഐ.പി.എസ് അറിയിച്ചു.