തിരുവനന്തപുരം: മഴക്കാലം മുന്നിൽക്കണ്ട് സംസ്ഥാനത്ത് വെള്ളി മുതൽ പ്രത്യേക പനിക്ലിനിക്കുകൾ ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോർജ്. താലൂക്ക് ആശുപത്രികൾ മുതലാകും ക്ലിനിക്കുകൾ ആരംഭിക്കുക. കൂടാതെ പനിവാർഡുകളും ആരംഭിക്കും.

വ്യാഴം, വെള്ളി ദിവസങ്ങളിലായി സ്റ്റോക്ക് പരിശോധിക്കും. എല്ലാ ജില്ലാ മെഡിക്കൽ ഓഫീസർമാരും ഇതുറപ്പ് വരുത്തണം. ഏത് പനിയും പകർച്ചപ്പനിയാകാൻ സാധ്യതയുള്ളതിനാൽ ഡോക്ടറുടെ സേവനം തേടണം. സംസ്ഥാനത്തെ പകർച്ചവ്യാധി പ്രതിരോധം ശക്തമാക്കാൻ വിളിച്ച യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

വേനൽമഴയെ തുടർന്ന് ഡെങ്കിപ്പനി വ്യാപിക്കാൻ സാധ്യതയുള്ളതിനാൽ ജില്ലകൾ കൂടുതൽ ശ്രദ്ധിക്കണം. എലിപ്പനി, സിക്ക, ചിക്കുൻ ഗുനിയ, കോളറ, ഷിഗെല്ല, എച്ച്1 എൻ 1 എന്നിവയ്ക്കെതിരെയും ശ്രദ്ധ വേണം. നിലവിലെ ചികിത്സാ മാനദണ്ഡങ്ങൾ പാലിക്കാനും പ്രതിരോധ നടപടികൾ സ്വീകരിക്കാനും മന്ത്രി നിർദ്ദേശം നൽകി. മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളുടെയും റവന്യൂ വകുപ്പിന്റെയും പങ്കാളിത്തം ഉറപ്പാക്കും. നിപാ വൈറസ് പ്രതിരോധം ജില്ലകൾ ഉറപ്പാക്കാനും മന്ത്രി നിർദ്ദേശം നൽകി.

ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ തുടങ്ങിയവരും പങ്കെടുത്തു.