മൂന്നാർ :ചിന്നക്കനാൽ ഗ്രാമപഞ്ചായത്ത് പരിധിയിൽ അംഗീകൃത ലൈസൻസ്, അനുമതി എന്നിവയില്ലാതെ അനധികൃതമായി പ്രവർത്തിക്കുന്ന ടെന്റ് ക്യാമ്പുകളിൽ അടിയന്തരമായി സംയുക്ത പരിശോധന നടത്തുമെന്ന് ജില്ലാകളക്ടർ ഷീബ ജോർജ് അറിയിച്ചു. ഇത്തരം ക്യാമ്പുകൾ പൊതു ജനങ്ങളുടെയും വിനോദ സഞ്ചാരികളുടെയും സുരക്ഷക്ക് ഭീഷണിയും, പാരിസ്ഥിതിക പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ടെന്നുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് പരിശോധന.

26 ൽ കൂടുതൽ ക്യാമ്പുകൾ അംഗീകൃത ലൈസൻസില്ലാതെ ചിന്നക്കനാൽ പഞ്ചായത്തിൽ പ്രവർത്തിക്കുന്നതായാണ് വിവരം. ഇത്തരം അനധികൃത ടെന്റിൽ കാട്ടാന കയറിയതായും മറ്റും മാധ്യമവാർത്തകളും വന്നിരുന്നു. ഈ സാഹചര്യത്തിലാണ് കളക്ടറുടെ കർശന നടപടി .
ടെന്റ് ക്യാമ്പുകൾ കണ്ടെത്തുന്നതിന് ചിന്നക്കനാൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി, ദേവികുളം ഫോറസ്റ്റ് റേഞ്ച് ഓഫീസർ, സ്റ്റേഷൻ ഹൗസ് ഓഫീസർ, ശാന്തൻപാറ, ചിന്നക്കനാൽ വില്ലേജ് ഓഫീസർമാർ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട് .

സ്വകാര്യ ഭൂമിയിലുള്ള അനധികൃത ടെന്റ് ക്യാമ്പുകൾ നീക്കം ചെയ്യുന്നതിന് ചിന്നക്കനാൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയേയും റവന്യു ഭൂമിയിലുള്ള അനധികൃത ടെന്റ് ക്യാമ്പുകൾ നീക്കം ചെയ്യുന്നതിന് ദേവികുളം തഹസിൽദാരെയും വനഭൂമിയിലുള്ളവ നീക്കം ചെയ്യുന്നതിന് മൂന്നാർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറെയും ചുമതലപ്പെടുത്തി.

റവന്യു ഭൂമിയിലും വനം വകുപ്പിന്റെ ഭൂമിയിലും അനധികൃതമായി പ്രവേശിച്ച് സ്ഥിരമോ, താത്കാലികമോ ആയ ഏതെങ്കിലും തരത്തിലുള്ള നിർമ്മിതികൾ സ്ഥാപിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നതിന് ഉടുമ്പൻചോല തഹസിൽദാരെയും മൂന്നാർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറെയും ചുമതലപ്പെടുത്തിയതായും ജില്ലാകളക്ടർ അറിയിച്ചു.