കാക്കനാട് : ഇഞ്ചി മിഠായി മൊത്ത വ്യാപാരം നടത്തുന്നു എന്ന വ്യാജേന മയക്ക് മരുന്ന് വിൽപ്പന നടത്തി വന്നിരുന്ന ഇതര സംസ്ഥാനക്കാരൻ എക്‌സൈസിന്റെ പിടിയിൽ. ഒഡീഷ, തരാഷ്, ബുറുദിയ സ്വദേശി ദീപ്തി കാന്ത് മാലിക്ക് (മന്ദി റാം 27) നെയാണ് എക്‌സൈസിന്റെ പിടിയിലായത്.

കാക്കനാട് തുതിയൂരിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. പരിശോധനയിൽ അത്യന്തം വിനാശകാരിയായ മുന്തിയ ഇനം ബ്രൗൺ ഷുഗർ ഇയാളിൽ നിന്ന് പിടിച്ചെടുത്തു. 60 ചെറു പാക്കറ്റുകളിലാക്കിയ നിലയിൽ ആകെ 8.5 ഗ്രാം ബ്രൗൺ ഷുഗർ കണ്ടെടുത്തു. 'ഇഞ്ചി മിഠായി' എന്ന പ്രത്യേക തരം കോഡ് ഉപയോഗിച്ചായിരുന്നു മയക്ക് മരുന്ന് കൈമാറ്റം. സ്വന്തമായി താമസ സ്ഥലം വാടകക്കെടുക്കാതെ ഇതരസംസ്ഥാന സംസ്ഥാനക്കാരായ തൊഴിലാളികളുടെ അടുത്ത് സൗഹ്യദം സ്ഥാപിച്ച ശേഷം പിന്നീട് അവരുടെ കൂടെ താമസമാക്കുന്നതായിരുന്നു രീതി.

ഒഡീഷയിൽ നിന്ന് ഇഞ്ചി മിഠായി കൊണ്ട് വന്ന് മൊത്തം കച്ചവടം നടത്തുന്നു എന്ന വ്യാജേന ഇയാൾ മയക്ക് മരുന്ന് വിൽപ്പന നടത്തിവരുകയായിരുന്നു. കാക്കനാട് തുതിയൂരിലെ ആദർശ സ്‌കൂളിന് അടുത്ത് തോട്ടപ്പാട്ട് റോഡിലുള്ള ഇയാളുടെ താമസ സ്ഥലത്ത് സ്ഥിരമായി യുവതി യുവാക്കൾ വന്ന് പോകുന്നു എന്ന ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചിരുന്നു.

ഇതേ തുടർന്ന് നിരീക്ഷണത്തിലായിരുന്ന ഇയാളുടെ പക്കലേക്ക് സിറ്റി മെട്രോ ഷാഡോ ടീമും എറണാകുളം ഇന്റലിജൻസ് വിഭാഗവും വേഷം മാറി ചെന്ന് ഇയാളുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. തുടർന്നാണ് ഇയാളുടെ പക്കൽ ബ്രൗൺ ഷുഗറാണ് ഉള്ളതെന്ന് മനസ്സിലായത്.
പിന്നീട് മയക്ക് മരുന്ന് ആവശ്യപ്പെട്ട എക്‌സൈസ് ടീമിനോട് മയക്ക് മരുന്നിന്റെ വില പറഞ്ഞ് ഉറപ്പിച്ച ശേഷം രാത്രി 8.30 തോട് കൂടി ഇയാൾ മയക്ക് മരുന്ന് കൈമാറുകയായിരുന്നു. ഇതിനിടെ അപകടം മണത്ത മന്ദി റാം ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും പിടികൂടി. തുടർന്ന് ഇയാളുടെ താമസസ്ഥലത്ത് എക്‌സൈസ് നടത്തിയ പരിശോധനയിലാണ് കൂടുതൽ പാക്കറ്റ് ബ്രൗൺ ഷുഗർ കണ്ടെടുത്തത്.

വെറും മില്ലി ഗ്രാം മാത്രം തുക്കം വരുന്ന ഒരു ചെറു പൊതിക്ക് 1500 രൂപയാണ് ഈടാക്കിയിരുന്നത്. ഒഡീഷയിൽ നിന്ന് വിൽപ്പനക്കായി വാങ്ങി കൊണ്ടു വന്നതാണെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ വെളിപ്പെടുത്തി. കാക്കനാട് പരിസരങ്ങളിൽ കറങ്ങി നടന്ന് ഇഞ്ചി മിഠായി വിൽക്കുന്ന മന്ദി റാം ന്റെ പക്കൽ നിന്ന് അതിമാരകമായ മയക്ക് മരുന്ന് പിടിച്ചെടുത്തു എന്ന് കേട്ടപ്പോൾ അത് പ്രദേശ വാസികളിൽ അമ്പരപ്പ് ഉളവാക്കി. ഈ ഇനത്തിൽപ്പെടുന്ന അഞ്ച് ഗ്രാം മയക്ക് മരുന്ന് കൈവശം വയ്ക്കുന്നത് 10 വർഷം വരെ കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഇതിന്റെ ഉപയോഗ ക്രമം പാളിയാൽ അമിത രക്തസമ്മർദ്ദം മൂലം ഹൃദയാഘാതം സംഭവിക്കാൻ ഇടയാകുമെന്ന് ഈ മേഖലയിലെ വിദഗ്ദർ അഭിപ്രായപ്പെടുന്നത്.

ഇയാളുടെ മയക്ക് മരുന്ന് കച്ചവടത്തിന് പിന്നിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നതിനെക്കുറിച്ചും , ഈ മയക്കുമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും എക്‌സൈസ് ഡിപ്പാർട്ട്‌മെന്റിന്റെ സാധ്യമായ എല്ലാ അധികാരങ്ങൾ ഉപയോഗിച്ചും മറ്റ് വകുപ്പുകളുടെ സഹകരണത്തോടു കൂടിയും സമഗ്രമായ അന്വേഷണം നടത്തുമെന്നും അധികൃതർ അറിയിച്ചു.

എക്‌സൈസ് ഇൻസ്‌പെക്ടർ പ്രമോദ് എംപി, അസ്സി. ഇൻസ്‌പെക്ടർ കെ.വി. ബേബി, ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ എൻ.ജി. അജിത്ത്കുമാർ, പ്രിവന്റീവ് ഓഫീസർ കെ.ആർ.സുനിൽ, സിറ്റി മെട്രോ ഷാഡോയിലെ സിഇഒ എൻ.ഡി.ടോമി, സിഇഒ പത്മഗിരീശൻ പി, സിഇഒ എം.എ. ധന്യ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. ഇയാളെ പിന്നീട് റിമാന്റ് ചെയ്തു.