തിരുവനന്തപുരം: മോൻസൺ കേസുമായി ബന്ധപ്പെട്ട് കെപിസിസി. അധ്യക്ഷൻ കെ. സുധാകരനെതിരെ ഒരു ഗൂഢാലോചനയും സിപിഎം. നടത്തിയിട്ടില്ലെന്നും സുധാകരനെതിരേ കേസ് കൊടുത്തവരൊക്കെ കോൺഗ്രസുകാരാണെന്നും സിപിഎം നേതാവ് എ.കെ. ബാലൻ. സുധാകരനെ ഇന്നത്തെ നിലയിൽ എത്തിച്ചത് കോൺഗ്രസുകാർ തന്നെയാണെന്ന ആരോപണവുമായി എ.കെ. ബാലൻ രംഗത്തെത്തി.

കോൺഗ്രസിനകത്തെ ഗ്രൂപ്പ് പോരിന്റെ ഭാഗമാണ് സുധാകരനെതിരേ നടക്കുന്ന കേസുകൾ. ബ്ലോക്ക് പ്രസിഡന്റുമാരുടെ പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കങ്ങളാണ് പിന്നിൽ. എ ഗ്രൂപ്പും ഐ ഗ്രൂപ്പും ഉണ്ടായിരുന്ന കോൺഗ്രസിൽ ഇപ്പോൾ അഞ്ചോളം ഗ്രൂപ്പുകൾ എന്നതാണ് സ്ഥിതി. അതിൽ പലർക്കും പലരേയും വെട്ടണമെന്നാണ് അഗ്രഹം. മാത്രമല്ല, അടുത്തതവണ അധികാരത്തിൽ എത്തിയാൽ ആര് നയിക്കും എന്ന ചോദ്യം കൂടി ഉയർന്നു വരുന്നു. അതിനുള്ള മുന്നൊരുക്കങ്ങളാണ് ഇപ്പോൾ കോൺഗ്രസിൽ നടക്കുന്ന പ്രശ്‌നങ്ങൾ എന്നാണ് എ.കെ. ബാലൻ പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നത്.

ഒരാൾ മുന്നിൽ വരുമ്പോൾ ബാക്കിയുള്ളവരെല്ലാം പിന്നിൽ നിന്ന് വലിക്കുന്നതിനും അപവാദപ്രചാരണം നടത്തുന്നതിനും ഓരോ ഗ്രൂപ്പും മത്സരമാണ്. അതുകൊണ്ടാണ് സുധാകരനെ കുറിച്ച് പലകപൊട്ടിയ മരണക്കിണറ്റിലെ സൈക്കിൾ അഭ്യാസി എന്ന് വിളിച്ചത് - വാർത്താ കുറിപ്പിൽ പറഞ്ഞു.

മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പുകേസിൽ കെ. സുധാകരന്റെ അറസ്റ്റ് ചെയ്തതിന് പിന്നാലെ സംസ്ഥാനത്തിന് പല ഭാഗത്തും കോൺഗ്രസ് പ്രവർത്തരുടെ പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നുവെങ്കിലും ആദ്യ മണിക്കൂറിൽ കോൺഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടായ വലിയ നിശ്ശബ്ദത സിപിഎം. ആയുധമാക്കിയിരിക്കുകയാണ്. ഈ നിശ്ശബ്ദത കോൺഗ്രസിനകത്തെ പ്രശ്‌നങ്ങളെത്തുടർന്നാണെന്ന് സിപിഎം ആരോപിക്കുന്നത്.