തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം മിന്നലോടുകൂടിയ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ജൂൺ 27 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിൽ തിങ്കളാഴ്ച യെല്ലോ അലർട്ട് മുന്നറിയിപ്പ് നൽകി.

ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ചൊവ്വാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വടക്കൻ ഒഡിഷ-പശ്ചിമ ബംഗാൾ തീരത്തിനുസമീപം ന്യൂനമർദം രൂപപ്പെട്ടിട്ടുണ്ട്. മഹാരാഷ്ട്ര തീരം മുതൽ കേരള തീരം വരെ ന്യൂനമർദപാത്തി നിലനിൽക്കുന്നതിനാൽ മിന്നലോടുകൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു.

മൺസൂൺ സീസൺ കണക്കാക്കുന്ന ജൂൺ ഒന്നു മുതലുള്ള കണക്കനുസരിച്ച് 66 ശതമാനമാണ് മഴകുറവ്. എല്ലാ ജില്ലയിലും സാധാരണയെക്കാൾ കുറവ് മഴയാണ് കിട്ടിയത്. ഏറ്റവും കുറവ് വയനാട് ജില്ലയിലാണ്. 82 ശതമാനം കുറവ്. എന്നാൽ, ഈ സാഹചര്യം മാറുന്ന സൂചനയാണ് കാലാവസ്ഥ വിഭാഗം നൽകുന്നത്. ജൂലൈ ആദ്യവാരങ്ങളിൽ കുറെക്കൂടി മഴ പ്രതീക്ഷിക്കാമെന്നാണ് വിലയിരുത്തൽ.