ന്യൂഡൽഹി: പാൻ കാർഡും ആധാറുമായി ബന്ധിപ്പിക്കാൻ ഇനി അഞ്ച് നാൾ കൂടി മാത്രം. ജൂൺ 30 ആണ് ബന്ധിപ്പിക്കാനായി നൽകിയിരിക്കുന്ന അവസാന തീയതി. സമയപരിധിക്കുള്ളിൽ കാർഡുകൾ ലിങ്ക് ചെയ്തില്ലെങ്കിൽ പാൻ കാർഡ് പ്രവർത്തന രഹിതമാകുമെന്നാണ് പറഞ്ഞിട്ടുള്ളത്. നിലവിൽ 1000 രൂപ പിഴ നൽകിയാണ് കാർഡുകൾ തമ്മിൽ ബന്ധിപ്പിക്കുന്നത്.

പിഴ നൽകാതെ ബന്ധിപ്പിക്കാനുള്ള അവസാന തീയതി 2022 മാർച്ച് 31 ആയിരുന്നു. ആധാർ കാർഡും പാൻ കാർഡും തമ്മിൽ ഇതുവരെ ബന്ധിപ്പിച്ചിട്ടില്ലാത്ത നികുതി ദായകർ ഈ മാസം അവസാനിക്കുന്നതിന് മുമ്പായി അതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കണം എന്ന് അദായനികുതി വകുപ്പ് അറിയിച്ചിട്ടുണ്ട്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉപയോക്താക്കൾക്ക് മാത്രമല്ല രജിസ്റ്റർ ചെയ്തിട്ടില്ലാത്തവർക്കും ഇ- ഫയലിങ് പോർട്ടലിൽ (https://www.incometax.gov.in/iec/foportal/) പാനും ആധാറും തമ്മിൽ ബന്ധിപ്പിക്കാൻ സാധിക്കും. ഇ- ഫയലിങ് പോർട്ടലിൽ ആധാർ-പാൻ ബന്ധിപ്പിക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പായി 1000 രൂപ പിഴയടക്കണം, ഒറ്റ ചലാനിലാണ് ഇത് അടയ്ക്കേണ്ടത്.

ജമ്മു കശ്മീർ, ആസാം, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കും ഇന്ത്യൻ പൗരന്മാരല്ലാത്തവർക്കും ഇത് ബാധകമല്ല.