കൊച്ചി: ഭാര്യയെ കൊലപ്പെടുത്തിയശേഷം കോടതി വിചാരണക്കിടയിൽ മുങ്ങിയ പ്രതി കളമശ്ശേരി പൊലീസിന്റെ പിടിയിലായി. സൈജു(45) വിനെയാണ് കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് കളമശ്ശേരി ഗ്ലാസ്സ് ഫാക്ടറി കോളനിയിൽ ഇവർ താമസിച്ചിരുന്ന വീട്ടിൽ വച്ച് 12018 ഒക്ടോബർ 11 ന് രാത്രി കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നു.

തുടർന്ന് കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്ത ഇയാളെ കോടതി 90 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ജയിൽ വാസത്തിനിടെ ജാമ്യം ലഭിച്ച പ്രതി വിചാരണ വേളയിൽ കോടതിയിൽ ഹാജരാകാതെ ഒളിവിൽ പോകുകയായിരുന്നു. കടത്തിണ്ണയിൽ കിടന്നുറങ്ങിയിരുന്ന ഇയാൾ ഒരു സ്ഥലത്ത് സ്ഥിരമായി തങ്ങാതെ പല ദേശങ്ങളിലും കറങ്ങിനടന്നു. മൊബൈൽ ഫോൺ ഉപയോഗിക്കാതെയും ഇയാൾ കൗശലം കാട്ടി.

ഇയാളെ കണ്ടെത്തുന്നതിനായി അന്വേഷണം നടന്നുവരവേ, വെണ്ണല ഭാഗത്ത് ഇയാൾ വന്നു പോകുന്നതായി രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ ദിവസങ്ങൾ നീണ്ട നിരീക്ഷണത്തിലൊടുവിലാണ് ഇന്ന് രാവിലെ പ്രതി പിടിയിലായത്. കളമശ്ശേരി പൊലീസ്, ഇൻസ്‌പെക്ടർ വിപിൻദാസിന്റെ നിർദ്ദേശപ്രകാരം SI വിനോജ്, ASI സുനിലാൽ , CPO മാരായ കൃഷ്ണരാജ്, വിനീഷ് എന്നിവർ ഉൾപ്പെട്ട പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.