തിരുവനന്തപുരം: കേരളത്തിൽ അധികാരത്തിൽ ഇരിക്കുന്ന എൽ.ഡി.എഫ് സർക്കാർ സമസ്ത മേഖലയിലും അരാജകത്വം സൃഷ്ടിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അഭിപ്രായപ്പെട്ടു. ജീവനക്കാരുടെ ആനുകൂല്യങ്ങൾ കവർന്നെടുക്കുന്നതിനെതിരെ സ്റ്റേറ്റ് എംപ്‌ളോയീസ് & ടീച്ചേഴ്‌സ് ഓർഗനൈസേഷൻസ് സെക്രട്ടറിയേറ്റിനു മുമ്പിൽ നടത്തിയ സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഉന്നത വിദ്യാഭ്യാസ രംഗമാകെ മലീമസമാക്കിയിരിക്കുന്നു. എല്ലായിടത്തും വ്യാജന്മാരുടെ വിളയാട്ടമാണ്. ഭരണകൂടം സ്‌പോൺസർ ചെയ്യുന്ന തട്ടിപ്പുകൾ വർദ്ധിക്കുകയാണ്. യൂണിവേഴ്‌സിറ്റികളുടെ വ്യാജ സർട്ടിഫിട്ടറ്റുകൾ പൊതു വിപണിയിൽ ലഭ്യമാകുന്ന അവസ്ഥയാണ്. ഒരേ സമയം പല കോഴ്‌സുകൾ പഠിച്ചു എന്നു കാണിച്ച് സമ്പാദിക്കുന്ന സർട്ടിഫിക്കറ്റുകൾ ഉയർന്ന ജോലി ലഭിക്കാൻ ഉപയോഗിക്കുന്നു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും ലഭിക്കുന്ന സർട്ടിഫിക്കറ്റുകളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണ്.

വികസന പദ്ധതികൾ എന്ന് കൊട്ടിഘോഷിച്ച് കൊണ്ടു വരുന്ന പദ്ധതികൾ അഴിമതിയുടെ വിളനിലമായി മാറി. എ.ഐ ക്യാമറ പദ്ധതി സ്വകാര്യ ഏജൻസികൾക്ക് കൊള്ള നടത്താനുള്ള അവസരമൊരുക്കി. യോഗ്യതയില്ലാത്ത കമ്പനികളെ പിൻവാതിൽ വഴി സബ് കോൺട്രാക്റ്റ് നൽകാൻ കെൽട്രോണിനെ മറയാക്കി. കെ. ഫോണിനായി ഗുണനിലവാരം കുറഞ്ഞ ചൈനീസ് കേബിൾ ഉപയോഗിച്ചത് സർക്കാരിന് വൻ നഷ്ടമാണുണ്ടാക്കിയത്.

ഒന്നിനുപുറകെ ഒന്നൊന്നായി അഴിമതികൾ പുറത്തു വരുമ്പോഴും സർക്കാർ നിസംഗമായ മൗനത്തിലാണ്. ഇത് പൊതു സമൂഹത്തോടുള്ള വെല്ലുവിളിയാണ്. കേരളത്തിലെ കൗമാരക്കാരെപ്പോലും ലഹരി മാഫിയ വലയിലാക്കുകയാണ്. സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് നടത്തുന്ന ലഹരി വില്പന തടയാൻ സർക്കാരിന് കഴിയുന്നില്ല.

അക്രമികളുടേയും കൊലപാതകികളുടേയും നാടാക്കി കേരളത്തെ മാറ്റുകയാണ്. ലഹരി ഉപയോഗിച്ചതിനു ശേഷമുള്ള അക്രമങ്ങളുടെ എണ്ണത്തിലും വൻ വർദ്ധനയാണ്. ഇതിനെതിരെ നടപടി എടുക്കേണ്ട സർക്കാർ അക്രമികൾക്ക് രാഷ്ട്രീയ തണൽ നൽകുന്നു. കേരളത്തിലിന്ന് അതിരൂക്ഷമായ വിലക്കയറ്റമാണ്. പച്ചക്കറിയുടേയും മറ്റ് നിത്യോപയോഗ സാധനങ്ങളുടേയും വില സർവ്വകാല റെക്കോർഡ് ഭേദിക്കുകയാണ്.

വിപണിയിൽ ഇടപെട്ട് പൊതുജനങ്ങളെ സഹായിക്കാൻ പുത്തൻ കോർപ്പറേറ്റുകൾക്ക് ചൂഷണത്തിന് വഴിയൊരുക്കുകയാണ്. സർക്കാർ ജീവനക്കാരുടേയും അദ്ധ്യാപകരുടേയും ആനുകൂല്യങ്ങൾ അനുവദിക്കുന്നതിൽ സർക്കാർ കുറ്റകരമായ മൗനമാണ് അവലംബിക്കുന്നത്. വിലക്കയറ്റത്തെ ചെറുക്കാൻ നൽകേണ്ട ക്ഷാമബത്ത ആറു ഗഡുക്കളിലായി 19% കുടിശ്ശികയാണ്.

2021 ജനുവരി മുതൽ മൂന്നു വർഷത്തെ ക്ഷാമബത്തയാണ് ലഭിക്കാനുള്ളത്. ലീവ് സറണ്ടർ പണമായി ലഭിച്ചിട്ട് 4 വർഷമായി. ഈ വർഷത്തെ സറണ്ടർ പി.എഫിൽ ലയിപ്പിക്കാമെന്ന് ഉത്തരവിട്ടെങ്കിലും 2027ൽ മാത്രമേ ലഭിക്കുകയുള്ളുവെന്ന വ്യവസ്ഥ വച്ചതോടെ അതും അപ്രസക്തമായി. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. 2019 ലെ ശമ്പള പരിഷ്‌ക്കരണത്തിന്റെ കുടിശ്ശിക ഇനിയും ലഭ്യമാക്കിയിട്ടില്ല. പെൻഷൻകാർക്കുള്ള ശമ്പള പരിഷ്‌ക്കരണ കുടിശ്ശികയും വിതരണം ചെയ്തിട്ടില്ല.

സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായി കൊണ്ടുവന്ന മെഡിസെപ്പിൽ ആവശ്യത്തിന് ആശുപത്രികളോ ചികിത്സാ സൗകര്യമോ ലഭ്യമല്ലാത്ത അവസ്ഥയാണ്. സർക്കാർ വിഹിതം നൽകാത്തത് ജീവനക്കാർക്ക് വലിയ ബാധ്യതയായിരിക്കും സൃഷ്ടിക്കുക. എല്ലാ മേഖലയിലും രാഷ്ട്രീയവൽക്കരണം നടത്തി അഴിമതിക്ക് കളമൊരുക്കുകയാണ്. ജനങ്ങളോട് പ്രതിബദ്ധത ഇല്ലാത്ത ഭരണകൂടമാണ് കേരളത്തിലേത്. നികുതിയായും സെസ് ആയും പൊതു സമൂഹത്തിനു മേൽ പുതിയ ഭാരം അടിച്ചേൽപ്പിക്കുകയാണ്. വൈദ്യുതി ചാർജ്ജും വെള്ളക്കരവുമൊക്കെ കൂട്ടിക്കൂട്ടി ജീവിതം ദു:സ്സഹമാക്കിയിരിക്കുകയാണ്.

പൊതു സമൂഹത്തിന്റെ പരിഛേദമായ സർക്കാർ ജീവനക്കാരേയും അദ്ധ്യാപകരേയും വിശ്വാസത്തിലെടുക്കാൻ സർക്കാർ തയ്യാറാകുന്നില്ല. ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ മറവിൽ വിദ്യാഭ്യാസ മേഖലയെ തകർക്കുകയാണ്. കേന്ദ്ര ഗവൺമെന്റിന്റെ പാഠ്യപദ്ധതി പരിഷ്‌ക്കരണത്തിന്റെ ചുവടു പിടിച്ച് കേരളത്തിലെ പാഠ പുസ്തകങ്ങളിലും ചരിത്ര നിരാസത്തിന് ശ്രമിക്കുകയാണ്. അദ്ധ്യാപക നിയമനങ്ങൾക്ക് അംഗീകാരം നൽകുന്നതിന് സർക്കാർ വിമുഖത കാണിക്കുകയാണ്.

പി.എസ്.സി യെ നോക്കുകുത്തിയാക്കി സമാന്തര റിക്രൂട്ട്‌മെന്റ് ബോർഡുകൾ രൂപീകരിച്ച് മൂന്നു ലക്ഷത്തോളം നിയമനങ്ങളാണ് പിൻവാതിൽ വഴി നടത്തിയത്. ഇത് നഗ്‌നമായ അധികാര ദുർവിനിയോഗമാണ്. യൂണിവേഴ്‌സിറ്റികൾക്ക് മതിയായ ഗാന്റ് അനുവദിക്കാതെ അവയെ ശ്വാസം മുട്ടിക്കുകയാണ്. ഖാദി ബോർഡ് ജീവനക്കാരുടെ ശമ്പളം പരിഷ്‌ക്കരിക്കാതെ അനന്തമായി നീളുകയാണ്.

സർക്കാർ സ്‌കൂളിലെ ഉച്ചഭക്ഷണ പദ്ധതിയക്കു പോലും പണം അനുവദിക്കാത്ത സർക്കാരാണ് കേരളത്തിലുള്ളത്. ഉച്ചഭക്ഷണത്തിന്റെ ചെലവ് പ്രഥമ അദ്ധ്യാപകരുടെ തലയിൽ കെട്ടി വയ്ക്കുന്നത് അപഹാസ്യമാണ്. ക്ഷേമ പെൻഷനുകൾ പോലും സമയബന്ധിതമായി നൽകാൻ കഴിയാത്തവർ ലോകം ചുറ്റി ധൂർത്ത് നടത്തുന്നത് പരിഹാസ്യമാണ്.

സർക്കാർ ജീവനക്കാരും അദ്ധ്യാപകരും ഉൾപ്പെടുന്ന സിവിൽ സർവ്വീസ് മേഖല ഈ നാടിന്റെ നട്ടെല്ലാണ്. പണിയെടുക്കുന്ന ജീവനക്കാർക്ക് ആനുകൂല്യങ്ങൾ നൽകിയേ മതിയാകൂ. കാലാകാലങ്ങളായി ലഭിച്ചു കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങൾ നിഷേധിക്കാനാവില്ല. ജനാധിപത്യത്തെ അട്ടിമറിക്കുന്ന ഈ അഴിമതി സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സെറ്റോ ചെയർമാൻ ചവറ ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ കെ അബ്ദുൽ മജീദ്, സുബ്രമണ്യൻ, എം.എസ്. ഇർഷാദ്, കെ. അരുൺകുമാർ, അനിൽ എം. ജോർജ്ജ്, എ.എം. ജാഫർഖാൻ, പി.കെ. അരവിന്ദൻ, ഒ.റ്റി. പ്രകാശ്, രമേശ് എം. തമ്പി, അനിൽകുമാർ, വി എം. ഷൈൻ, മനോജ്, സന്തോഷ്, അരുൺകുമാർ, നൈറ്റോ. ജേക്കബ്‌സൺ, ബി. രാജീവ് എന്നിവർ സംസാരിച്ചു.