മലപ്പുറം: ഏക സിവിൽകോഡിനെതിരെ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിൽ താൻ പങ്കെടുക്കില്ലെന്ന് മുതിർന്ന സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. നേരത്തെ തീരുമാനിച്ച പരിപാടികൾ ഉള്ളതുകൊണ്ടാണ് സെമിനാറിൽ പങ്കെടുക്കാത്തത്. കൊട്ടാരക്കാരയിലും എറണാകുളത്തും അന്ന് മറ്റ് പരിപാടികൾ ഉണ്ട്. തന്നെ അറിയിക്കാതെയാണ് പാർട്ടി തന്റെ പേര് നിർദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സിപിഐയെ പ്രതിനിധീകരിച്ച് ഇ.കെ.വിജയൻ എംഎൽഎ സെമിനാറിൽ പങ്കെടുക്കും. നിയമത്തിന്റെ കരട് പോലും തയാറാകുന്നതിന് മുമ്പ് ഏക സിവിൽകോഡിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചതിൽ സിപിഐയ്ക്ക് അതൃപ്തിയുണ്ടെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. സെമിനാറിലേക്ക് മുസ്ലിം ലീഗിനെ ക്ഷണിച്ചതിലും അമർഷമുണ്ടെന്നാണ് സൂചന.