തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് യുവതി ജയിലിനു മുന്നിൽ എത്തി. ജീവനക്കാർ എന്തു പറഞ്ഞിട്ടും തന്റെ ആവശ്യത്തിൽ നിന്നും പിന്മാറാതെ യുവതി ഉറച്ചു നിന്നതോടെ ജയിലധികൃതർ പുലിവാല് പിടിച്ചു. ആലപ്പുഴ സ്വദേശിയായ യുവതിയാണ് ഇന്നലെ രാവിലെ ജയിലിന് മുന്നിലെത്തിയത്. യുവതി പറഞ്ഞു മനസ്സിലാക്കി തിരിച്ചയക്കാൻ അധികൃതർ ഒരുപാട് ശ്രമിച്ചെങ്കിലും മടങ്ങി പോകാൻ യുവതി കൂട്ടാക്കിയില്ല. ഒടുവിൽ പൂജപ്പുര പൊലീസെത്തി സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.

ആലപ്പുഴ വെൺമണി സ്റ്റേഷൻ പരിധിയിൽ ഈ യുവതിയെ കാണാനില്ലെന്ന പരാതി നിലവിലുണ്ട്. യുവതിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ജയിലിൽ പ്രവേശിപ്പിക്കണമെന്ന വിചിത്ര ആവശ്യവുമായെത്തി പൂജപ്പുര സെൻട്രൽ ജയിലിൽ എത്തിയ യുവതി അധികൃതരെ ശരിക്കും ബുദ്ധിമുട്ടിച്ച് കളഞ്ഞു. വിശദമായ പരിശോധനയ്ക്ക് ശേഷം യുവതിയെ ആലപ്പുഴ പൊലീസിന് കൈമാറും.