തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച പ്രതിയെ പോക്‌സോ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു. നിലമേൽ ചരുവിളവീട്ടിൽ മനു(26)വാണ് കിളിമാനൂർ പൊലീസിന്റെ പിടിയിലായത്. പെൺകുട്ടിയുമായി പ്രണയത്തിലായ പ്രതി, വിവാഹവാഗ്ദാനം നൽകി വീട്ടിൽ എത്തിച്ച്  പീഡിപ്പിക്കുകയായിരുന്നു.

കഴിഞ്ഞദിവസം പെൺകുട്ടിയെ കാണാനില്ലെന്ന് പിതാവ് സ്റ്റേഷനിലെത്തി പരാതി നൽകിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ പെൺകുട്ടിയെ മനു കിളിമാനിൽ നിന്നും കൂട്ടിക്കൊണ്ടുപോയതാണെന്ന് വ്യക്തമായി. പെൺകുട്ടിയെ അന്വേഷിച്ച് കണ്ടെത്തിയപ്പോഴാണ് പീഡിപ്പിക്കപ്പെട്ട വിവരം മനസിലായത്. തുടർന്ന് കേസ് രജിസ്റ്റർ ചെയ്തു.

തിരുവനന്തപുരം റൂറൽ ജില്ല പൊലീസ് മേധാവി ഡി. ശിൽപയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മനു പിടിയിലായത്. ആറ്റിങ്ങൽ ഡിവൈ.എസ്‌പി ജയകുമാറിന്റെ നേതൃത്വത്തിൽ കിളിമാനൂർ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ബി. ജയൻ, എസ്‌ഐമാരായ വിജിത്ത് കെ. നായർ, രാജി കൃഷ്ണ, രാജേന്ദ്രൻ, എഎസ്ഐ താഹിറുദ്ദീൻ, എസ്.സി.പി.ഒ ഷാജി, മഹേഷ് എന്നിവർ ചേർന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.