ആലുവ: ട്രെയിൻ യാത്രയ്ക്കിടെ വെള്ളം വാങ്ങാൻ സ്റ്റേഷനിൽ ഇറങ്ങിയ യുവാവ് തിരികെ കയറുന്നതിനിടെ പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയിൽ വീണു മരിച്ചു. ആലപ്പുഴ ആര്യാട് വടക്കേക്കര ജിബിൻ ഫിലിപ് (21) ആണു മരിച്ചത്. രാവിലെ 8.30നാണ് സംഭവം. എറണാകുളത്ത് ഫോട്ടോ ജേണലിസം വിദ്യാർത്ഥിയായിരുന്ന ജിബിൻ ഇന്നലെ അവധിയായിരുന്നതിനാൽ സുഹൃത്തുക്കളെ കാണാൻ പോയതായിരുന്നു.

പിതാവ് ഫിലിപ്പ് ആലപ്പുഴ പവർ ഹൗസ് കെഎസ്ഇബി ഉദ്യോഗസ്ഥനും അമ്മ ഷിജി ഫിലിപ്പ് പഞ്ചാബ് നാഷനൽ ബാങ്ക് ആലപ്പുഴ മുല്ലയ്ക്കൽ ശാഖയിലെ ഉദ്യോഗസ്ഥയും ആണ്. സഹോദരി ജിൻസി. അപകടത്തിൽ ജിബിന്റെ പാദം അറ്റുപോയി. ആർപിഎഫ് ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്കു കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.