കണ്ണൂർ: കരിമ്പം കില ഉപകേന്ദ്രത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദൻ പ്രസംഗിക്കുന്നതിനിടെ സദസ്സിലേക്ക് ഇഴഞ്ഞെത്തിയ പാമ്പ് കുറച്ചുസമയം പരിഭ്രാന്തി പരത്തി. സ്ത്രീകൾ ഇരിക്കുന്ന സ്ഥലത്താണു പാമ്പിനെ കണ്ടത്. പാമ്പിനെ കണ്ടതോടെ പരിഭ്രാന്തരായ ആളുകൾ ചിതറിയോടി. പലരും കസേരയിൽനിന്നു മറിഞ്ഞുവീണു. പാമ്പ് പുറത്തേയ്ക്കു പോയപ്പോഴാണ് രംഗം ശാന്തമായത്.

ചേരയാണു ഇഴഞ്ഞു വന്നതെന്നു പിന്നീട് കണ്ടെത്തി. നാടുകാണിയിൽ ആരംഭിക്കുന്ന മൃഗശാലയെക്കുറിച്ച് ഗോവിന്ദൻ പ്രസംഗിക്കുന്നതിനിടയിലാണ് പാമ്പ് പ്രത്യക്ഷപ്പെട്ടത്. പാമ്പ് വന്ന കാര്യം പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ തുടർ പ്രസംഗം.

കാട് മൂടിക്കിടക്കുന്ന പ്രദേശമായതിനാലാണ് ഇവിടെ ഇത്തരം സംഭവങ്ങളെന്നും സൂചിപ്പിച്ചു. കിലയിൽ ആരംഭിക്കുന്ന രാജ്യാന്തര നേതൃത്വ പഠന കേന്ദ്രത്തിന്റെ കെട്ടിട നിർമ്മാണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.