ചണ്ഡീഗഢ്: ഹരിയാണയിലെ നൂഹ് ജില്ലയിൽ വിശ്വഹിന്ദു പരിഷത്തിന്റെ (വി.എച്ച്.പി.)യും ബജ്റങ് ദളിന്റെയും നേതൃത്വത്തിലുള്ള ഘോഷയാത്രയ്ക്കിടെ ഉണ്ടായ സംഘർഷം സമീപ ജില്ലകളിലേക്ക് വ്യാപിക്കുന്നു. രണ്ട് ഹോംഗാർഡുമാരടക്കം വർഗീയ സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി. സംഘർഷങ്ങൾക്കിടെ നിരവധി വാഹനങ്ങളും കടകളും അഗ്‌നിക്കിരയാക്കപ്പെട്ടിട്ടുണ്ട്.

സംഘർഷം വ്യാപിച്ചതോടെ ഇന്റർനെറ്റ് സേവനം നിർത്തിവെച്ചിട്ടുണ്ട്. നിരോധന ഉത്തരവുകളും പുറപ്പെടുവിച്ചു. കൂടുതൽ സേനയെ കേന്ദ്രത്തോട് സംസ്ഥാന സർക്കാർ ആവശ്യപ്പെടുകയും ചെയ്തു. ഘോഷയാത്ര തടയാൻ ശ്രമിക്കുന്നതിനിടെയുണ്ടായ സംഘർഷത്തിലാണ് ഹോംഗാർഡുമാർ കൊല്ലപ്പെട്ടത്. തിങ്കളാഴ്ച അർദ്ധരാത്രിയോടെ നടന്ന സംഘർഷത്തിലാണ് മൂന്നാമത്തെയാൾ മരിച്ചത്.

സംഘർഷത്തെത്തുടർന്ന് നുഹ്, ഗുരുഗ്രാം, പൽവാൽ, ഫരീദാബാദ് എന്നിവിടങ്ങളിൽ ആളുകൾ ഒരുമിച്ച് കൂടുന്നത് നിരോധിച്ചുകൊണ്ട് അധികൃതർ ഉത്തരവിറക്കി. ഇവിടങ്ങളിലെ സ്‌കൂളുകളും കോളേജുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപാനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.