തൃശൂർ: ഗണപതിയെ മിത്ത് എന്ന് വിളിച്ച സ്പീക്കർ മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. മാപ്പ് പറഞ്ഞില്ലെങ്കിൽ സ്പീക്കർ എ എൻ ഷംസീറിനെ വർഗീയ വാദിയാണെന്ന് വിലയിരുത്തുമെന്നും വി മുരളീധരൻ പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് ഓർമ്മക്കുറവുണ്ടെന്നും വി മുരളീധരൻ പരിഹസിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറിക്ക് അടിയന്തരമായി ഓർമക്കുറവിനുള്ള മരുന്നു വാങ്ങി നൽകണമെന്ന് മുരളീധരൻ പരിഹസിച്ചു.

അവസരവാദ രാഷ്ട്രീയം അവസാനിപ്പിക്കാൻ എം വി ഗോവിന്ദൻ തയാറാകണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു. ഷംസീർ സ്പീക്കറായിരിക്കുന്നതിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണം അദ്ദേഹം ആവശ്യപ്പെട്ടു. ശബരിമലയും ഗണപതിയും വോട്ടിനുള്ള വഴികളില്ലെന്ന് പറഞ്ഞ വി മുരളീധരൻ, സുരേന്ദ്രൻ പറഞ്ഞതിനെക്കുറിച്ച് അറിയില്ലെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു.

''വൈദ്യരത്‌നത്തിന്റെ ഷോപ്പിൽനിന്ന് അടിയന്തരമായി ബ്രഹ്‌മീകൃതം വാങ്ങിനൽകണം. സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറി ഇവിടെനിന്ന് ഒരു ബ്രഹ്‌മീഘൃതം വാങ്ങി അടിയന്തരമായി ഗോവിന്ദൻ മാസ്റ്റർക്ക് എത്തിക്കണം. ഓർമക്കുറവിന് നല്ലതാണ് ബ്രഹ്‌മീകൃതം. മിനിയാന്ന് അദ്ദേഹം കേരളത്തിൽനിന്ന് പറഞ്ഞത് ഗണപതി മിത്താണെന്നാണ്. ഇന്നലെ അദ്ദേഹം ഡൽഹിയിലെത്തിയപ്പോൾ അതൊന്നും ഓർമയില്ല. ഇത്തരത്തിലുള്ള അവസരവാദ നാടകം അവസാനിപ്പിക്കണം.'' വി. മുരളീധരൻ പറഞ്ഞു.

അതിനിടെ, മിത്ത് വിവാദത്തിൽ ആരും പറഞ്ഞത് തിരുത്തിയിട്ടില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. കേരളത്തിൽ മത-സാമുദായിക ധ്രുവീകരണത്തിനുള്ള ശ്രമമാണ് നടക്കുന്നതെന്നും മന്ത്രി ആരോപിച്ചു. സ്പീക്കർ എ എം ഷംസീർ പറഞ്ഞത് വ്യക്തമാണ്. ഒരു മത വിശ്വാസത്തിനും എതിരായ അദ്ദേഹം ഒന്നും പറഞ്ഞിട്ടില്ല. പാർട്ടി സെക്രട്ടറിയും കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.