തിരുവനന്തപുരം: ഓണക്കിറ്റ് വാങ്ങാൻ മഞ്ഞക്കാർഡുകാരുടെ ഉത്രാടപ്പാച്ചിൽ. ഇനിയു നാലു ലക്ഷം പേർക്കാണ് ഓണക്കിറ്റ് വിതരണം ചെയ്യാനുള്ളത്. ഞായറാഴ്ചയാണ് വിതരണംചെയ്യാൻ മതിയായ ഓണക്കിറ്റുകൾ റേഷൻകടകളിലെത്തിയത്. രണ്ടുലക്ഷത്തിലേറെപ്പേർ ഞായറാഴ്ച ഓണക്കിറ്റുവാങ്ങി. ആറുലക്ഷം പേർക്കാണ് ഇത്തവണ കിറ്റ് നൽകുക. നാലുലക്ഷം പേർക്ക് റേഷൻകടകൾ രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ തുറന്ന് വിതരണം പൂർത്തിയാക്കാനാണ് ഭക്ഷ്യവകുപ്പിന്റെ നിർദ്ദേശം.

മുഴുവൻ റേഷൻകടകളിലും ഞായറാഴ്ച ഉച്ചയോടെ ഓണക്കിറ്റ് എത്തിച്ചെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു.സപ്ലൈകോ പ്രതിസന്ധിയും അർഹതപ്പെട്ടവരെ നിശ്ചയിക്കാനുള്ള ആശയക്കുഴപ്പവും രൂക്ഷമായപ്പോൾ ഓണക്കിറ്റിൽ മന്ത്രിസഭാ തീരുമാനവും വൈകി. ഇതോടെ, കിറ്റിൽവേണ്ട സാധനങ്ങൾക്ക് ഓർഡർ നൽകാൻ കാലതാമസമെടുത്തതായി ഭക്ഷ്യവകുപ്പ് അധികൃതർ പറഞ്ഞു.

ക്ഷേമസ്ഥാപനങ്ങൾക്കുള്ള സൗജന്യകിറ്റ് വിതരണം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഞായറാഴ്ച പൂർത്തിയാക്കി. മറ്റുജില്ലകളിൽ തിങ്കളാഴ്ച വൈകീട്ടോടെ പൂർത്തിയാക്കും. 136 ആദിവാസി ഊരുകളിലും കിറ്റുകളെത്തിച്ചു.

കഴിഞ്ഞവർഷം 12 ദിവസംനീണ്ട സപ്ലൈകോ ഓണം ജില്ലാ ഫെയറുകളിലൂടെ രണ്ടരക്കോടി രൂപയുടെ വിൽപ്പനയാണ് നടന്നത്. ഇത്തവണ എട്ടുദിവസത്തിനിടെ 5.17 കോടി രൂപയുടെ വിറ്റുവരവുണ്ടായി. ഇതിൽ 1.67 കോടി രൂപയുടെ സബ്സിഡി സാധനങ്ങൾവിറ്റു. ബാക്കി സബ്സിഡി ഇതരസാധനങ്ങളാണ്. ഇത്തവണ റെക്കോഡ് വിൽപ്പന നടന്നതായും മന്ത്രി പറഞ്ഞു.