അടിമാലി: യുവാക്കളുടെ വാഹനത്തിൽ നിന്ന് കഞ്ചാവ് ബീഡി കണ്ടെത്തിയെന്ന കേസ് ഒതുക്കിത്തീർക്കാൻ കൈക്കൂലി ചോദിച്ച സംഭവത്തിൽ 3 പൊലീസുകാർക്ക് സസ്പെൻഷൻ. ഹൈവേ പൊലീസ് ഉദ്യോഗസ്ഥരായ ഗ്രേഡ് സബ് ഇൻസ്‌പെക്ടർ ഷിബി ടി. ജോസഫ്, സിപിഒ സുധീഷ് മോഹൻ, ഡ്രൈവർ സോബിൻ ടി. സോജൻ എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി വി.യു. കുര്യാക്കോസ് സസ്പെൻഡ് ചെയ്തത്.

സംഭവത്തിൽ വകുപ്പുതല നടപടിക്കും ശുപാർശ ചെയ്തിട്ടുണ്ട്. മൂന്നാർ സന്ദർശനം കഴിഞ്ഞ് തിരികെവന്ന വിനോദ സഞ്ചാരികളുടെ കൈവശത്തിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിന് ശ്രമിച്ചതായി കണ്ടെത്തിയാണ് നടപടി. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. 36,000 രൂപ കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തിൽ വകുപ്പുതല അന്വേഷണം നടന്ന് വരികയാണ്.

സംഭവമറിഞ്ഞ് ജില്ലാ പൊലീസ് മേധാവി അടിമാലിയിലെ പൊലീസ് ഉദ്യോഗസ്ഥനോട് അന്വേഷിക്കാൻ ആവശ്യപ്പെട്ടിരുന്നു. പൊലീസിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചതായി റിപ്പോർട്ടിലുണ്ടായിരുന്നു. പണം നൽകാത്തതിനാൽ യുവാക്കൾക്കെ തീരെ ഹൈവേ പൊലീസ് അഞ്ച് കേസാണ് ചുമത്തിയത്. പണം ഇല്ലാത്തതിനാൽ മൂന്നുപേരെ ഏറെ നേരം പിടിച്ച് നിർത്തുകയും ചെയ്തു. മറ്റുള്ളവരെ ടാബ് വിറ്റ് പണം വാങ്ങിവരുവാൻ അടിമാലിക്ക് തിരികെ അയച്ചു.

ഇവർ അടിമാലിക്ക് പോകും വഴി മറ്റൊരു പരിശോധന സംഘത്തിന്റെ മുന്നിൽപ്പെട്ടു. സംഭവം ഇവരോട് പറഞ്ഞു. ഇവർ നിർദേശിച്ചതനുസരിച്ച് യുവാക്കൾ ടാബ് വിൽക്കാതെ തിരികെ ഹൈവേ പൊലീസിന്റെ അടുത്തെത്തി. പണം ലഭിക്കില്ലെന്ന് മനസ്സിലാക്കിയ ഹൈവേ പൊലീസ്, യുവാക്കളുടെ പേരിൽ അഞ്ചുകേസ് എടുത്ത് ഇവരെ പറഞ്ഞുവിട്ടു. ഫോണിൽ സന്ദേശം വന്നപ്പോഴാണ് വലിയ പിഴ ചുമത്തിയതായി യുവാക്കൾ അറിയുന്നത്. പിന്നാലെ വിഷയം വാർത്തയായതോടെ അതിവേഗം നടപടി വരികയായിരുന്നു.