മലപ്പുറം: മോഷണക്കേസിൽ ജയിലിൽ കഴിയുന്ന സഹതടവുകാരന്റെ ഭാര്യയെ ബലാത്സംഗം ചെയ്ത കൊലക്കേസ് പ്രതിയായ 47കാരന് പതിനഞ്ചു വർഷം തടവിനും 15000 രൂപ പിഴയും ശിക്ഷ വിധിച്ച് മഞ്ചേരി അതിവേഗ സ്‌പെഷ്യൽ കോടതി (രണ്ട് . മഞ്ചേരി കരുവമ്പ്രം ചാടിക്കല്ല് മങ്കരത്തൊടി മുഹമ്മദ് (47)നെയാണ് ജഡ്ജി എസ് രശ്മി ശിക്ഷിച്ചത്. 2022 സെപ്റ്റംബർ 14ന് പുലർച്ചെ ഒരു മണിക്കാണ് കേസിന് ആസ്പദമായ സംഭവം.

സഹോദര പുത്രനെ കൊലപ്പെടുത്തിയെന്ന കേസിൽ ജയിലിൽ കഴിയവെയാണ് പരാതിക്കാരിയുടെ ഭർത്താവുമായി പ്രതി സൗഹൃദത്തിലാകുന്നത്. ജാമ്യത്തിലിറങ്ങിയ പ്രതി സഹൃത്തിന്റെ ഭാര്യ താമസിക്കുന്ന ഇരുമ്പുഴിയിലെ വാടക വീട്ടിലെത്തി സഹായം വാഗ്ദാനം ചെയ്തു. തുടർന്ന് യുവതിയെ ബലാൽസംഗം ചെയ്യുകയും പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.

ഇന്ത്യൻ ശിക്ഷാനിയമം 376 പ്രകാരം ബലാൽസംഗത്തിന് പത്തു വർഷം കഠിന തടവ്, പതിനായിരം രൂപ പിഴ, പിഴയടക്കാത്ത പക്ഷം നാലുമാസത്തെ അധിക തടവ്, 506 വകുപ്പ് പ്രകാരം ഭീഷണിപ്പെടുത്തിയതിന് ഒരു വർഷം കഠിന തടവ്, 450 വകുപ്പ് പ്രകാരം വീട്ടിൽ അതിക്രമിച്ചു കയറിയതിന് മൂന്ന് വർഷം കഠിന തടവ്, 5000 രൂപ പിഴ, പിഴയടച്ചില്ലെങ്കിൽ രണ്ടു മാസത്തെ അധിക തടവ്, 342 പ്രകാരം തടഞ്ഞുവെച്ചതിന് ഒരു വർഷം കഠിന തടവ് എന്നിങ്ങനെയാണ് ശിക്ഷ.

തടവ് ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതിയെന്നും പ്രതി പിഴയക്കുന്ന പക്ഷം തുക പരാതിക്കാരിക്ക് നൽകണമെന്നും കോടതി വിധിച്ചു.യുവതിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് കാസർകോടുനിന്നാണ് പ്രതിയെ പിടികൂടിയത്. മുഹമ്മദ് സഹോദര പുത്രനെ കൊലപ്പെടുത്തിയെന്ന കേസ് വലിയ വിവാദമായിരുന്നു.

2018 ഓഗസ്റ്റ് 13നാണ് മുഹമ്മദ് പുഴയിലേക്ക് തള്ളിയ ഒൻപത് വയസുകാരന്റെ മൃതദേഹം കണ്ടെത്തിയിരുന്നത്. മഞ്ചേരിക്കടുത്ത് ആനക്കയം പാലത്തിൽ നിന്നും പുഴയിലേക്കെറിഞ്ഞ മുഹമ്മദ് ഷഹീന്റെ (9) മൃതദേഹമാണ് മലപ്പുറം കൂട്ടിലങ്ങാടി നെച്ചിക്കുറ്റി പാറക്കടവിലെ പുഴയോരത്തെ മുളങ്കൂട്ടത്തിൽ നിന്നും കണ്ടെത്തിയിരുന്നത്. സംഭവ സമയത്ത് മൃതദേഹം തിരയാൻ മലപ്പുറം പൊലിസ് പ്രദേശവാസികളുടെ സഹായം അഭ്യർത്ഥിച്ചിരുന്നു. ഇതിന്റെ ഭാഗമായി നെച്ചിക്കുറ്റിയിലെ യുവാക്കളാണ് മൃതദേഹം കണ്ടെത്തിയിരുന്നത്.

നേരത്തെ പുഴയിലും കടലിലും കുട്ടിക്കുവേണ്ടി തിരച്ചിൽ നടത്തിയിരുന്നുവെങ്കിലും കണ്ടെത്താനായിരുന്നില്ല. എടയാറ്റൂർ മലങ്കരതൊടി മുഹമ്മദ് സലീം-ഹസീന ദമ്പതികളുടെ മകൻ മുഹമ്മദ് ഷഹീ നെ പിതൃസഹോദരൻ മുഹമ്മദ് ആനക്കയം പാലത്തിൽ നിന്നു പുഴയിലേക്കെറിഞ്ഞത്. തട്ടിക്കൊണ്ടു പോയി പണം ആവശ്യപ്പെടാനുള്ള പദ്ധതി പരാജയപ്പെട്ടതാണ് കൊലപാതകത്തിന് കാരണമെന്ന് പിന്നീട് പൊലീസ് കണ്ടെത്തിയിരുന്നു.

അന്നത്തെ പെരിന്തൽമണ്ണ ഡിവൈ.എസ്‌പി എംപി മോഹനചന്ദ്രന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് ഈ കേസിന് തുമ്പുണ്ടാക്കിയത്.
മഞ്ചേരി പൊലീസ് ഇൻസ്‌പെക്ടർ റിയാസ് ചാക്കീരിയാണ് പ്രതിയെ അറസ്റ്റ് ചെയ്തതും കേസിന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചതും. ജൂഡീഷ്യൽ കസ്റ്റഡിയിൽ നിന്നും വിടുന്നപക്ഷം പ്രതി അതിജീവിതയെ അപകടപ്പെടുത്താനും സ്വാധീനിക്കുവാനും സാധ്യതയുള്ളതിനാൽ പൊലീസിന്റെ അപേക്ഷ പ്രകാരം നാളിതുവരെ ജാമ്യം അനുവദിച്ചിരുന്നില്ല.

പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ എൻ മനോജ് 13 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. സീനിയർ സിവിൽ പൊലീസ് ഓഫീസർ ആയിഷ കിണറ്റങ്ങൽ ആയിരുന്നു പ്രോസിക്യൂഷൻ അസിസ്റ്റ് ലൈസൺ ഓഫീസർ. പ്രതിയെ ശിക്ഷയനുഭവിക്കുന്നതിനായി തവനൂർ സെൻട്രൽ ജയിലിലേക്കയച്ചു.