മലപ്പുറം: എട്ടുവയസുകാരിയെ പീഡിപ്പിച്ച പരാതിയിലെ പ്രതി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. പോക്‌സോ കേസിൽ പ്രതിയായി വിചാരണ നേരിടുന്ന കുന്നപ്പള്ളി കോലോത്തൊടി ഇബ്രാഹിമിനെ(70) വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതിയിലുള്ള കേസ് വിചാരണയുടെ അന്തിമഘട്ടത്തിലിരിക്കെയാണ് സംഭവം. 2022 ജൂലായിൽ എട്ടുവയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് പെരിന്തൽമണ്ണ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു. ബുധനാഴ്ച രാവിലെ സഹോദരി വന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. തുടർന്ന് പെരിന്തൽമണ്ണ പൊലീസെത്തി ആശുപത്രിയിലെത്തിച്ചു. നാളെ രാവിലെ മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.