തിരുവനന്തപുരം: ബൈക്കിൽ ലിഫ്റ്റ് ചോദിച്ചതിന് കാൽ നടയാത്രക്കാരനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു. സംഭവത്തിൽ വട്ടിയൂർക്കാവ് കാഞ്ഞിരംപാറ അംബികാ ഭവനിൽ നിധീഷിനെ് (23) വട്ടിയൂർക്കാവ് പൊലീസ് അറസ്റ്റു ചെയ്തത്. കാച്ചാണി സ്വദേശി ജലീൽ ജബ്ബാർ എന്നയാൾക്കാണ് പരിക്കേറ്റത്. ബുധനാഴ്ച രാത്രി പന്ത്രണ്ട് മണിയോടെ കാഞ്ഞിരംപാറ ജങ്ഷനു സമീപമാണ് സംഭവം.

പൊലീസ് പറയുന്നത്: നഗരത്തിലെ തിയേറ്ററിൽ സിനിമ കണ്ടശേഷം വാഹനം കിട്ടാതെ നടന്ന് ജലീൽ വീട്ടിലേക്കു പോകുകയായിരുന്നു. ഇതിനിടയിൽ ബൈക്കിലെത്തിയ നിധീഷിനോട് ലിഫ്റ്റ് ചോദിച്ചു. ഇത് നിധീഷിന് ഇഷ്ടമായില്ല. ഇയാൾ ജലീലിനെ അസഭ്യം പറഞ്ഞതോടെ ഇരുവരും തർക്കമുണ്ടായി. തുടർന്ന് നിധീഷ്, ജലീലിനെ നെഞ്ചിൽ ചവിട്ടി വീഴ്‌ത്തിയശേഷം കല്ലുകൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വട്ടിയൂർക്കാവ് പൊലീസ് നിധീഷിനെ പിടികൂടി.