മലപ്പുറം: ഇസ്രയേൽ ക്രൂരതയിൽ ലോകം വിറങ്ങലിച്ചു നിൽക്കുമ്പോൾ സമാധാനം പുനഃസ്ഥാപിക്കാൻ ലോക രാഷ്ട്രങ്ങൾ മുന്നിട്ടിറങ്ങണമെന്ന് മലപ്പുറത്ത് ചേർന്ന പ്രാർത്ഥനാ സംഗമം. മനുഷ്യത്വ രഹിത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഇസ്രയേലിനെതിരെ ലോക മനസ്സാക്ഷി ഉണരണം. സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ നിർദ്ദേശ പ്രകാരം സംഘടിപ്പിച്ച സംഗമത്തിൽ ലോക മനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂരതയിൽ ഞെരിഞ്ഞമർന്നു കഴിയുന്ന ഫലസ്തീൻ ജനതക്കു വേണ്ടി മനസ്സുരുകി ആയിരങ്ങൾ പ്രാർത്ഥന നടത്തി.

ദുആഉൽ കർബും അനുഗ്രഹീത സൂറത്തുകളും സവിശേഷ ദിക്റുകളും ചേർത്തു വെച്ച പ്രാർത്ഥനാ സദസ്സിനെ ലക്ഷ്യമാക്കി ജില്ലയിലെ എല്ലാ ഗ്രാമങ്ങളിൽ നിന്നും വിശ്വാസികൾ ഒഴുകിയെത്തിയിരുന്നു. സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളും സയ്യിദുമാരും നേതൃത്വം നൽകിയ ഭക്തി നിർഭരമായ പ്രാർത്ഥനക്ക് ആമീൻ ചൊല്ലി, മർദ്ദിതർക്ക് സംഗമം ഐക്യ ദാർഢ്യം നൽകി. സംഗമം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ വൈ.പ്രസിഡന്റ് കോട്ടുമല മൊയ്തീൻ കുട്ടി മുസ്ലിയാർ അധ്യക്ഷനായി. കോഴിക്കോട് വലിയ ഖാസി നാസർ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങൾ ഫലസ്തീൻ ജനതക്ക് വേണ്ടിയുള്ള പ്രത്യേകം പ്രാർത്ഥനക്ക് നേതൃത്വം നൽകി.

ഫലസ്തീനു മേൽ ഇസ്റാഈൽ നടത്തുന്ന അധിനിവേശം നീതീകരിക്കാനാവില്ലെന്നും പരീക്ഷണങ്ങളുടെ തീച്ചൂളയിൽ കഴിയുന്ന ഫലസ്തീനികൾക്ക് പ്രാർത്ഥനയാണ് നമുക്ക് നൽകാനുള്ള ഏറ്റവും വലിയ ആയുധമെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മലപ്പുറം ഈസ്റ്റ് ജില്ലയിൽ സമസ്ത ഏകോപന സമിതി സംഘടിപ്പിച്ച പ്രാർത്ഥന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങൾ.

പ്രവാചകന്മാരെല്ലാം പരീക്ഷണങ്ങൾ നേരിട്ടവരാണ്. പ്രാർത്ഥന കൊണ്ടാണ് അവരെല്ലാം അതിനെ അതിജീവിച്ചത്. നമുക്കും ചെയ്യാനുള്ളത് അതാണ്. ഗൂഢാലോചനയിലൂടെയാണ് ജൂതരാഷ്ട്രം ഉടലെടുത്തത്. ആ മണ്ണിന്റെ യഥാർത്ഥ അവകാശികളായ ഫലസ്തീനികൾ സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായുവിനായി നടത്തുന്ന ചെറുത്തു നിൽപ്പുകളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയാണ് മനസാക്ഷിയുള്ളവർ ചെയ്യേണ്ടതെന്നും തങ്ങൾ അഭിപ്രായപ്പെട്ടു.

സമസ്ത ജില്ലാ ജനറൽ സെക്രട്ടറി ഇ. മൊയ്തീൻ ഫൈസി പുത്തനഴി ആമുഖഭാഷണം നടത്തി. സമസ്ത ജില്ലാ ഏകോപന സമിതി കൺവീനർ അബ്ദുസ്സമദ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണം നടത്തി. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ, സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ ജനറൽ സെക്രട്ടറി മൊയ്തീൻ കുട്ടി ഫൈസി വാക്കോട്, സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ കെ. ഹൈദർ ഫൈസി പനങ്ങാങ്ങര, കെ.വി അസ്ഗറലി ഫൈസി പട്ടിക്കാട്, ജംഇയ്യത്തുൽ മുദർരിസീൻ ജില്ലാ ജനറൽ സെക്രട്ടറി സി.കെ അബ്ദുറഹ്‌മാൻ ഫൈസി അരിപ്ര, എസ്.എം.എഫ് ജില്ലാ വർക്കിങ് പ്രസിഡന്റ് കെ.എ റഹ്‌മാൻ ഫൈസി കാവനൂർ, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈ.പ്രസിഡന്റ് ഹാശിറലി ശിഹാബ് തങ്ങൾ, എസ്.വൈ.എസ് ഈസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി സലീം എടക്കര, ജംഇയ്യത്തുൽ മുഅല്ലിമീൻ ഈസ്റ്റ് ജില്ലാ പ്രസിഡന്റ് സയ്യിദ് ഒ.എം.എസ് തങ്ങൾ മേലാറ്റൂർ, ജംഇയ്യത്തുൽ ഖുത്വബാഅ് ജില്ലാ ജനറൽ സെക്രട്ടറി ഹംസ റഹ്‌മാനി കൊണ്ടിപറമ്പ്, സമസ്ത മദ്റസ മാനേജ്മെന്റ് അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറി സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ, സമസ്ത എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ഡോ. ബഷീർ പനങ്ങാങ്ങര, സമസ്ത പ്രവാസി സെൽ ജില്ലാ പ്രസിഡന്റ് അബുറശീദ് ദാരിമി പൂവ്വത്തിക്കൽ, സംഘാടക സമിതി ചെയർമാൻ ഇബ്റാഹീം ഫൈസി തിരൂർക്കാട്, ട്രഷറർ കാടാമ്പുഴ മൂസ ഹാജി സംസാരിച്ചു.