കൊച്ചി: ശബരിമല തീർത്ഥാടകർക്കായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇടത്താവളം ഒരുങ്ങി. മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന തീർത്ഥാടകർക്ക് ഇത് വളരെ പ്രയോജനകരമായിരിക്കും. വിമാനത്താവളത്തിലെത്തുന്ന ഭക്തന്മാർക്ക് ഭക്ഷണം കഴിക്കുന്നതിനും വിശ്രമിക്കുന്നതിനും ഇടത്താവളത്തിൽ പ്രത്യേകം സൗകര്യമൊരുക്കിയിട്ടുണ്ട്. ഇത് ആദ്യമായാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇടത്താവളം ഒരുക്കുന്നത്. കഴിഞ്ഞ മണ്ഡലകാലത്ത് ഒരു ലക്ഷത്തോളം ഭക്തരാണ് വിമാനമാർഗ്ഗം എത്തിയത്.

സിയാൽ ആഭ്യന്തര ടെർമിനലിൽ പൊലീസ് എയ്ഡ് പോസ്റ്റിനു സമീപത്താണ് ഇടത്താവളം സ്ഥാപിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ ശബരിമല സ്പെഷ്യൽ കൗണ്ടറും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ തുറക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഹെല്പ് ഡെസ്‌ക്കും ഇടത്താവളത്തിലുണ്ട്. ഇത്തവണ ഇടത്താവളം ഒരുക്കിയതിലൂടെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ അയ്യപ്പഭക്തർ എത്തും എന്ന പ്രതീക്ഷയുണ്ട്. വരും വർഷങ്ങളിലും വിമാനമാർഗം എത്തുമെന്ന ഭക്തരുടെ എണ്ണം കൂടുമെന്ന പ്രതീക്ഷയിലാണ് സിയാൽ.