കരിപ്പൂർ: ക്രിസ്മസ് -പുതുവത്സര സീസൺ ഇങ്ങെത്തിയതോടെ വിമാന ടിക്കറ്റ് നിരക്കുകളും ഉയർന്നു തുടങ്ങി. ക്രിസ്മസിന് ഗൾഫിൽനിന്ന് കേരളത്തിലേക്കുള്ള നിരക്ക് അഞ്ചിരട്ടിയായിട്ടുണ്ട്. ട്രാവൽ ഏജൻസികൾ കൂട്ടത്തോടെ വിമാനടിക്കറ്റുകൾ ബുക്കുചെയ്യുന്നതാണ് ഗൾഫിലേക്കും തിരിച്ചുമുള്ള ടിക്കറ്റ് നിരക്ക് വർധനയ്ക്കു കാരണമായത്.

ഓണം, പെരുന്നാൾ, ക്രിസ്മസ്, വേനലവധി കാലത്താണ് ഏജൻസികളുടെ ഈ തന്ത്രം. ദുബായിലേക്ക് നിലവിൽ 11,000 രൂപയാണ് കോഴിക്കോട്ടുനിന്നുള്ള നിരക്ക്. ഡിസംബർ അവസാനത്തോടെ ഇത് 27,468 രൂപയായി ഉയരും. തിരിച്ച് 7,066 രൂപ മുതലുള്ള ടിക്കറ്റിന് 17,000 മുതൽ 90,000 രൂപ വരെയായാണ് ഉയരുന്നത്. അബുദാബിയിലേക്ക് 10,284 രൂപയുള്ളത് 28,647 രൂപയായി ഉയർന്നുകഴിഞ്ഞു. തിരിച്ച് 11,934 രൂപയുള്ളത് 30,638 രൂപ വരെ ഉയരും. ഷാർജയിലേക്ക് 12,070 രൂപയുള്ളത് 32,159 രൂപയായും തിരിച്ച് 7,859 രൂപയുള്ളത് 46,350 രൂപയായും ഉയർന്നു. വരുംദിവസങ്ങളിൽ ഇത് ഒരു ലക്ഷത്തിനു മുകളിലെത്തും.

വിമാനക്കമ്പനികൾ മാസങ്ങൾക്കുമുൻപേ ഏജൻസികളുമായി നിരക്കിൽ ധാരണയുണ്ടാക്കിയിട്ടുണ്ട്. ഈ തന്ത്രമാണ് ടിക്കറ്റ് നിരക്കുകൾ ഉയരാൻ കാരണം. പകുതിയോളം ടിക്കറ്റുകൾ കമ്പനികൾ ഗ്രൂപ്പ് ടിക്കറ്റിലേക്കു മാറ്റും. ഇതോടെ വെബ്‌സൈറ്റുകളിൽ ടിക്കറ്റുകളുടെ എണ്ണം കുറയും. ആവശ്യക്കാർ കൂടും. ശേഷിക്കുന്ന ടിക്കറ്റുകൾക്ക് തോന്നിയപോലെയാണ് നിരക്ക്. നിരക്കിളവ് പ്രതീക്ഷിച്ച് മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കില്ല.

സീസണിൽ സർവീസുകൾ കൂട്ടുകയോ കൂടുതൽ സീറ്റുകളുള്ള വലിയ വിമാനങ്ങൾ ഉപയോഗിക്കുകയോ വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ഇന്ത്യയിൽനിന്ന് യു.എ.ഇ.യിലേക്ക് ആഴ്ചയിൽ 65,000 സീറ്റാണ് അനുവദിച്ചിട്ടുള്ളത്. സീസണിൽ ഒരുലക്ഷത്തോളം യാത്രക്കാരുണ്ടാവും. യു.എ.ഇ.യിലെ വിമാനക്കമ്പനികൾക്ക് അധികസർവീസിന് താത്പര്യമുണ്ട്. ഇതിനു കേന്ദ്രസർക്കാരിന്റെ അനുമതി ലഭിക്കണം.