ആലുവ: റെയിൽവേ സ്റ്റേഷനിൽ പുലർച്ചെ വന്നിറങ്ങിയ യാത്രക്കാരിയുടെ ബാഗ് തട്ടിപ്പറിച്ച് കടന്ന കേസിലെ മുഖ്യപ്രതി പിടിയിൽ. ചേന്ദമംഗലം ഷാപ്പുംപടി പാണ്ടിശേരി വീട്ടിൽ ജിതിൻ കൃഷ്ണ (ചാഡു 28) യെയാണ് ആലുവ പൊലീസ് പിടികൂടിയത്. ജൂലൈ 27 ന് പുലർച്ചെയാണ് സംഭവം.

പതിനാലായിരം രൂപ, 4 പവൻ സ്വർണം, സ്ഥലത്തിന്റെ ആധാരം ഉൾപ്പെടെയുള്ള രേഖകളാണ് മോഷ്ടിച്ച മോട്ടാർസൈക്കിളിലെത്തിയ രണ്ടംഗ സംഘം തട്ടിപ്പറിച്ച് കടന്നത്. ബൈക്ക് ഓടിച്ച ചിറ്റാറ്റുകര സ്വദേശി യദുകൃഷ്ണനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പിടികൂടുമെന്നുറപ്പായാൽ ബ്ലെയിഡുപയോഗിച്ച് വരഞ്ഞ് രക്ഷപ്പെടുന്ന അക്രമണകാരിയാണ് പ്രതി.

തമിഴ്‌നാടുൾപ്പടെ വിവിധയിടങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ സാഹസികമായാണ് പിടികൂടിയത്. പതിനഞ്ചോളം കേസുകളിൽ പ്രതിയാണ്. മോഷ്ടിച്ച സ്വർണ്ണാഭരണത്തിലൊരു ഭാഗം പറവൂരിലെ ഒരു ജൂവലറിയിൽ നിന്ന് കണ്ടെടുത്തു. ഇൻസ്‌പെക്ടർ എം.എം.മഞ്ജുദാസ് എസ്‌ഐ എസ്.എസ്.ശ്രീലാൽ, സിപിഒ മാരായ മാഹിൻഷാ അബൂബക്കർ, കെ.എം.മനോജ്, മുഹമ്മദ് അമീർ, എം.എസ്.സന്ദീപ്, വി,എ.അഫ്‌സൽ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു