കൊച്ചി: കേന്ദ്ര വിഹിതം കേരളത്തിന് നൽകുന്നത് സംബന്ധിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ കൃത്യമായ കണക്കവതരിപ്പിച്ച സ്ഥിതിക്ക് മുഖ്യമന്ത്രിയും ധനമന്ത്രി ബാലഗോപാലും ജനങ്ങളോട് മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.

കേന്ദ്രത്തിനെതിരെ അനാവശ്യ ആരോപണം ഉന്നയിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഗീർവാണമടിക്കാതെ കണക്കുകൾ പുറത്തു വിടാൻ തയാറാകണം. സംസ്ഥാന സർക്കാരിന്റെ കഴിവില്ലായ്മ കേന്ദ്ര സർക്കാരിന്റെ മേൽ കെട്ടിവെച്ച് രക്ഷപ്പെടാൻ ഇനി സാധിക്കുകയില്ല.

ജിഎസ്ടി വിഹിതം കേന്ദ്രം നൽകാനുണ്ടെന്ന് പറയുന്ന സംസ്ഥാന ധനമന്ത്രി എന്തുകൊണ്ടാണ് കൃത്യമായ പ്രൊപ്പോസൽ കേന്ദ്ര ധനകാര്യമന്ത്രാലയത്തിന് നൽകാത്തത് ക്ഷേമപെൻഷനുകളിലെ കേന്ദ്രവിഹിതം പൂർണമായും വാങ്ങി വെച്ചിട്ടാണ് സംസ്ഥാന സർക്കാർ ജനങ്ങൾക്ക് അത് വിതരണം ചെയ്യാതെ വഴിമാറ്റി ചെലവഴിക്കുന്നത്. നെല്ല് കർഷകർക്ക് ഉൾപ്പെടെ പണം നൽകാതെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണ് സംസ്ഥാനം ചെയ്യുന്നത്.

നരേന്ദ്ര മോദി സർക്കാരിന്റെ ശക്തമായ സഹായം ഉള്ളതുകൊണ്ട് മാത്രമാണ് കേരളം പിടിച്ചുനിൽക്കുന്നത്. എന്നാൽ സ്വന്തം ഉത്തരവാദിത്തത്തിൽ നിന്നും ഒളിച്ചോടി ധൂർത്തും അഴിമതിയും നടത്തുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.