കോഴിക്കോട്: യു.ഡി.എഫിന്റെ ബഹിഷ്‌കരണാഹ്വാനം നിലനിൽക്കെ കൊടുവള്ളിയിലെ നവകേരള സദസ്സിൽ പങ്കെടുത്ത മുസ്ലിം ലീഗ് മണ്ഡലം ഭാരവാഹിയോട് പാർട്ടി വിശദീകരണം തേടി. കൊടുവള്ളി മണ്ഡലം സെക്രട്ടറി യു.കെ ഹുസൈനോടാണ് ലീഗ് വിശദീകരണം തേടിയത്. 24 മണിക്കൂറിനകം കാരണം ബോധിപ്പിക്കണമെന്നാണ് ആവശ്യം. ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കുന്ന നവകേരള സദസ്സിന്റെ ഭാഗമായുള്ള പ്രഭാതയോഗത്തിൽ ലീഗ് നേതാവ് പങ്കെടുത്തത്.

നേരത്തെ കാസർകോട്ടും നവകേരള സദസ്സിൽ ലീഗ് നേതാവ് പങ്കെടുത്തിരുന്നു. സംസ്ഥാന കൗൺസിൽ അംഗം എൻ.എ. അബൂബക്കറാണ് മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിട്ടത്. കാസർക്കോട്ടുനിന്ന് ആരംഭിച്ച നവകേരള സദസ്സിന്റെ രണ്ടാംദിവസമാണ് വ്യവസായി കൂടിയായ ലീഗ് നേതാവ് അപ്രതീക്ഷിതമായി വേദിയിലെത്തിയത്.

ലീഗിനെ ഇടതുമുന്നണിയിലേക്ക് അടുപ്പിക്കാൻ സിപിഎം. ശ്രമിക്കുന്നതായുള്ള വാർത്തകൾക്കിടെയാണ് യു.ഡി.എഫിന്റെ ബഹിഷ്‌കരണാഹ്വാനം മറികടന്ന് ലീഗിന്റെ പ്രാദേശിക നേതാക്കൾ നവകേരള സദസ്സിൽ പങ്കെടുക്കുന്നത് എന്നതാണ് ശ്രദ്ധേയം. സിപിഎം. നൽകിയ കേരള ബാങ്ക് ഡയറക്ടർ പദവി മുസ്ലിം ലീഗ് സംസ്ഥാനസെക്രട്ടറി പി. അബ്ദുൾഹമീദ് എംഎ‍ൽഎ. സ്വീകരിച്ചതും പാർട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു.