കണ്ണൂർ: കല്യാശേരിയിൽ നവകേരള സദസിൽ പങ്കെടുത്തു മടങ്ങുകയായിരുന്ന മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയതിന് ഡിവൈഎഫ്ഐ പ്രവർത്തകരുടെ ക്രൂര ആക്രമണത്തിന് ഇരയാകുകയും മൊബൈൽഫോൺ ഉൾപ്പെടെ അപഹരിക്കപ്പെടുകയും ചെയ്ത കെ.എസ്.യു- യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് പ്രതിപക്ഷ നേതാവ് പുതിയ ഫോണുകൾ നൽകി വാക്കുപാലിച്ചു.

റോഡരികിലെ ചെടിച്ചട്ടിയും ഹെൽമറ്റും ഉപയോഗിച്ചുള്ള ആക്രമണത്തിനിടെ മൂന്ന് പ്രവർത്തകരുടെയും ഫോണുകളും അക്രമി സംഘം തട്ടിയെടുത്തിരുന്നു. ചികിത്സയിൽ കഴിയുന്നവരെ സന്ദർശിക്കാൻ കണ്ണൂർ ഇന്ദിരാഗാന്ധി കോ-ഓപറേറ്റീവ് ആശുപത്രിയിൽ എത്തിയ പ്രതിപക്ഷ നേതാവിനോട് കെ.എസ്.യു- യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇക്കാര്യം പറഞ്ഞിരുന്നു.

നഷ്ടപ്പെട്ട ഫോണുകൾക്ക് പകരം പുതിയ ഫോണുകൾ വാങ്ങി നൽകാമെന്ന് അന്ന് പ്രതിപക്ഷ നേതാവ് ഉറപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് വെള്ളിയാഴ്‌ച്ച രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ പങ്കെടുക്കാൻ പ്രതിപക്ഷ നേതാവ് കണ്ണൂരിൽ എത്തിയത്.
യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് സുധീഷ് വെള്ളച്ചാൽ, കെ.എസ്.യു മാടായി കോളേജ് യൂണിയൻ ചെയർമാൻ സായി ഷരൺ, കെ.എസ്.യു കല്ല്യാശ്ശേരി ബ്ലോക്ക് സെക്രട്ടറി സഞ്ജു സന്തോഷ് എന്നിവർക്കാണ് പ്രതിപക്ഷ നേതാവ് പുതിയ ഫോണുകൾ വാങ്ങി നൽകിയത്.