വൈക്കം: സ്വകാര്യ കമ്പനിയുടെ ഓഫീസിൽ കയറി ഒപ്പിട്ട ചെക്ക് ലീഫുകൾ മോഷ്ടിച്ച് പണം തട്ടിയ കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തകഴി സ്വദേശിയായ ഡെന്നിസ് എന്ന 21കാരനെയാണ് മോഷണക്കുറ്റത്തിന് പൊലീസ് പിടികൂടിയത്. കോട്ടയം വൈക്കത്തെ സ്വാകാര്യ കമ്പനിയുടെ ഓഫിസിൽ മോഷ്ടിക്കാൻ കയറിയ ഇയാൾ ഒപ്പിട്ട ചെക്ക് ലീഫുമായി കടക്കുകയും ഇത് ബാങ്കിൽ നൽകി പണം പിൻവലിക്കുകയും ആയിരുന്നു. ആലപ്പുഴയിലെ തകഴി പടഹാരം ഭാഗത്ത് ശ്യാംഭവൻ വീട്ടിൽ ഡെന്നിസ് എന്ന് വിളിക്കുന്ന അപ്പു എസ്‌ന്റെ പേരിൽ നിരവധി മോഷണക്കേസുകൾ ഉണ്ട്.

ഏഴാം തീയതി രാത്രിയാണ് വൈക്കം ചാലപറമ്പ് ഭാഗത്ത് പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയുടെ ഓഫീസിന്റെ പൂട്ട് തകർത്ത് അകത്തുകയറി മോഷണം നടത്തിയത്. അലമാരയിൽ സൂക്ഷിച്ചിരുന്ന ഒപ്പിട്ട ചെക്ക് ലീഫുകൾ മോഷ്ടിച്ച് കടക്കുക ആയിരുന്നു. പിന്നീട് ഡെന്നിസ് ഇത് ഉപയോഗിച്ച് ബാങ്കിൽ നിന്നും പണം പിൻവലിക്കുകയും ചെയ്തിരുന്നു. അക്കൗണ്ടിൽ നിന്ന് പണം നഷ്ടമായതിന് പിന്നാലെ സ്ഥാപനമുടമയുടെ പരാതിയെ തുടർന്ന് വൈക്കം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിലാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞതും പിടികൂടിയതും. വൈക്കം സ്റ്റേഷൻ എസ്‌ഐ മാരായ സുരേഷ് എസ്, വിജയപ്രസാദ്, സി.പി.ഓ അജീഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അപ്പുവിന് കൊല്ലം ഈസ്റ്റ്, പുനലൂർ എന്നീ സ്റ്റേഷനുകളിൽ മോഷണ കേസുകൾ നിലവിലുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കി.