കൊച്ചി: ചേരാനല്ലൂർ സഹകരണ ബാങ്കിൽ മുക്കുപണ്ടങ്ങൾ പണയം വച്ചു രണ്ടു ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊറങ്കോട്ട ദ്വീപ് പടിഞ്ഞാറേയറ്റത്തു വേങ്ങാട്ട് പ്രസന്നനാണ് (54) അറസ്റ്റിലായത്. മുക്കു പണ്ടം പണയം വെച്ച് രണ്ട് ലക്ഷത്തോളം രൂപയാണ് ഇയാൾ തട്ടിയത്.

പൊന്നാരിമംഗലം, കോമ്പാറ തുടങ്ങി പല സ്ഥലങ്ങളിലും ധനകാര്യ സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയം വച്ചു പണം തട്ടിയതായി പ്രതി വെളിപ്പെടുത്തിയെന്നു പൊലീസ് അറിയിച്ചു.

മുളവുകാട് വാടകയ്ക്കു താമസിക്കുന്ന ഇയാളെ നോർത്ത് പൊലീസ് ഇൻസ്‌പെക്ടർ പ്രതാപ് ചന്ദ്രനും സംഘവുമാണ് അറസ്റ്റ് ചെയ്തത്. പ്രത്യക്ഷത്തിൽ സ്വർണമെന്നു തോന്നിക്കുന്ന ആഭരണങ്ങൾ എത്തിച്ചു നൽകിയിരുന്നതു സുഹൃത്തുക്കളായ ടിജോയും സുനിയുമാണ്. വനിതാ ജീവനക്കാർ മാത്രമുള്ള സ്ഥാപനങ്ങളെയാണു പ്രതി ലക്ഷ്യം വച്ചിരുന്നത്. സ്വർണം ഉരച്ചു നോക്കി തനിമ തിട്ടപ്പെടുത്തുന്ന അപ്രൈസർമാർ ചില ധനകാര്യ സ്ഥാപനങ്ങളിൽ ഇല്ലാത്തതും തട്ടിപ്പുകാർക്കു സഹായമാണ്. പല സ്ഥാപനങ്ങളും തട്ടിപ്പു നടന്നാലും പരാതി നൽകാറില്ലെന്നു പൊലീസ് പറഞ്ഞു.