ചടയമംഗലം: പെൺകുട്ടിയെ തുറിച്ചുനോക്കി ചേഷ്ട കാണിച്ചെന്ന പരാതിയിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു. കെ.എസ്.ആർ.ടി.സി. ബസിൽ കൊട്ടാരക്കരയിൽനിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുകയായിരുന്ന വിദ്യാർത്ഥിനിയുടെ പരാതിയിലാണ് അറസ്റ്റ്. കല്ലറ, തട്ടത്തുമല സ്വദേശികളായ രാജു, രാജേഷ് എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം.

കോളേജ് വിദ്യാർത്ഥിനിയായ 21-കാരിയോട് ബസിൽവെച്ച് ചേഷ്ട കാട്ടിയപ്പോൾ പെൺകുട്ടി ബഹളംവെച്ചു. തുടർന്ന് നിലമേലിൽ ഇറങ്ങി, ചടയമംഗലം പൊലീസിൽ പരാതി നൽകി. പിന്നീട് പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. പെൺകുട്ടിയെ തുറിച്ചുനോക്കിയ സംഭവത്തിൽ ചടയമംഗലം പൊലീസ് കേസെടുക്കുന്നത് ആദ്യമാണെന്ന് എസ്‌ഐ. പ്രിയ പറഞ്ഞു.