നെടുങ്കണ്ടം: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 14 വയസ്സുകാരിയെ ആളൊഴിഞ്ഞ മലമുകളിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം തിരൂർ പടിഞ്ഞാറേക്കര ചെറിയച്ചംവീട്ടിൽ മുഹമ്മദ് ഇസ്മായിൽ (25) ആണ് പിടിയിലായത്. മാസങ്ങൾക്ക് മുൻപാണ് മുഹമ്മദ് ഇസ്മായിൽ പത്താം ക്ലാസുകാരിയെ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടതും സൗഹൃദം സ്ഥാപിച്ചതും.

കഴിഞ്ഞ ദിവസം പെൺകുട്ടിയെ കാണാനായി ഇയാൾ മലപ്പുറത്തുനിന്നും നെടുങ്കണ്ടത്ത് എത്തി. പെൺകുട്ടിയെ ഇയാൾ തനിക്ക് അരികിലേക്ക് വിളിച്ചുവരുത്തി. ആളൊഴിഞ്ഞ മലമുകളിൽ എത്തിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നുവെന്ന് കുട്ടി മൊഴി നൽകി. കുട്ടിയെ കാണാതായതോടെ മാതാപിതാക്കൾ നെടുങ്കണ്ടം പൊലീസിൽ വിവരം അറിയിച്ചു. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

മലപ്പുറം തിരൂർ മേഖലയിൽ സൗണ്ട് ആൻഡ് ലൈറ്റ് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഇയാൾ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. പ്രതിയെ നെടുങ്കണ്ടം കോടതി റിമാൻഡ് ചെയ്തു. നെടുങ്കണ്ടം സിഐ. ജെർലിൻ വി.സ്‌കറിയയുടെ നേതൃത്വത്തിലാണ് അറസ്റ്റുചെയ്തത്.