പത്തനംതിട്ട: കെ.എസ്.ഇ.ബി. മീറ്റർ റീഡർമാർ മുഖേന ഇനി വൈദ്യുതിബില്ലും വീട്ടിൽ തന്നെ അടയ്ക്കാം. മൂന്നു മാസത്തിനുള്ളിൽ സംസ്ഥാനത്ത് പദ്ധതി നടപ്പാക്കും. പണം സ്വീകരിക്കുന്നതിൽ സമഗ്രമാറ്റം കൊണ്ടുവരുന്നതിന്റെ ഭാഗമായാണിത്. മീറ്റർ റീഡർമാർ റീഡിങ് എടുക്കാൻ സ്വൈപ്പിങ് മെഷീനുകളുമായാവും വീട്ടിൽ വരിക. അപ്പോൾത്തന്നെ വിവിധതരത്തിലുള്ള കാർഡുകൾ ഉപയോഗിച്ച് പണം അടയ്ക്കാം.

രണ്ടുവർഷമായി ഓൺലൈനിൽ വൈദ്യുതി ബില്ലടയ്ക്കുന്നതിന് ബോർഡ് വലിയ പ്രോത്സാഹനമാണ് നൽകുന്നത്. ലക്ഷക്കണക്കിന് ഉപഭോക്താക്കൾ ഓൺലൈനായാണ് ഇപ്പോൾ പണം അടയ്ക്കുന്നത്. ശേഷിക്കുന്നവരെകൂടി ഓൺലൈനിലാക്കുക എന്നതാണ് ബോർഡ് ലക്ഷ്യമിടുന്നത്. ഓൺലൈനിൽ പണം അടച്ചാൽ ബോർഡിന്റെ ഖജനാവിലേക്ക് ഉടനടി പണം എത്തും. ഇപ്പോൾ സെക്ഷൻ ഓഫീസുകളിൽ സ്വീകരിക്കുന്ന പണം അവിടെനിന്ന് ബാങ്കുകളിലടച്ച് ബോർഡിന്റെ ഖജനാവിലെത്താൻ ദിവസങ്ങൾ വേണ്ടിവരും.

വിവിധ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസുകളിലേക്കായി 5000 മെഷിനുകളാണ് ആദ്യഘട്ടം വാങ്ങുന്നത്. സംസ്ഥാനത്ത് 1.37 കോടി വൈദ്യുതി ഉപഭോക്താക്കളാണുള്ളത്. ഗാർഹിക ഉപഭോക്താക്കളിൽ 50- ശതമാനത്തിന് മുകളിൽ ഇപ്പോൾ ഓൺലൈൻ മാർഗങ്ങളിലൂടെയാണ് ബില്ല് അടയ്ക്കുന്നത്.