കോഴിക്കോട്: ഹജ്ജ് യാത്രാ ടിക്കറ്റിൽ വരുത്തിയ വർധനയിൽ എയർഇന്ത്യയെ രൂക്ഷമായി വിമർശിച്ച് മന്ത്രി വി. അബ്ദുറഹ്‌മാൻ രംഗത്ത്. നിരക്കിൽ വരുത്തിയിട്ടുള്ള വർധന അംഗീകരിക്കാനാകില്ല. വിദേശ കമ്പനികൾ പോലും ആവശ്യപ്പെടാത്ത തുകയാണ് കരിപ്പൂരിൽ നിന്ന് ഏയർഇന്ത്യ ആവശ്യപ്പെടുന്നതെന്ന് മന്ത്രി വിമർശിച്ചു. അടിയന്തരമായ തിരുത്താണ് ആവശ്യപ്പെടുന്നത്.

വിഷയത്തിൽ എയർ ഇന്ത്യയുടെ മറുപടി ലഭിച്ച ശേഷം നിയമനടപടിയുമായി മുന്നോട്ട് പോകും. കരിപ്പൂരിനെ വികസിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതിന് തടയിടാനാണ് എയർ ഇന്ത്യ ശ്രമിക്കുന്നത് എന്ന് കരുതുന്നില്ലെന്നും മന്ത്രി പറഞ്ഞു. ടാറ്റായണ് എയർ ഇന്ത്യയുടെ ഉടമസ്ഥർ. വിമാനക്കമ്പനിയെ ജനങ്ങൾ ബഹിഷ്‌കരിച്ചാൽ എന്തായിരുക്കും അവരുടെ നടപടി എന്നും മന്ത്രി ചോദിച്ചു. വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെടാൻ സാധ്യത ഇല്ല എന്നാണ് വിവരം. നേരത്തേ പൂർത്തിയാക്കിയ അന്താരാഷ്ട്ര ടെണ്ടറിലെ സാങ്കേതികതയാണ് നിരക്ക് ഉയരാൻ കാരണം.

2020 ൽ കരിപ്പൂരിൽ നടന്ന വിമാന അപകടത്തെ തുടർന്ന് വലിയ വിമാനങ്ങൾ ക്യാൻസൽ ചെയ്തിരുന്നു. ഈ സർവീസുകൾ ഇതുവരേ പുനഃസ്ഥാപിച്ചിട്ടില്ല. ഇത് ആഗോള ടെണ്ടറിൽ വലിയ വിമാനങ്ങളുമായി സർവീസ് നടത്തുന്ന കമ്പനികളെ ബാധിച്ചു. തുടർന്ന് ടെണ്ടർ ലഭിച്ചത് മുന്നൂറിൽ താഴെ യാത്രക്കാരെ മാത്രം ഉൾക്കൊള്ളുന്ന വിമാനങ്ങൾക്കാണ്. ഇതാണ് നിരക്ക് കൂടാൻ കാരണമെന്നാണ് വിശദീകരണം.