ബത്തേരി: ബത്തേരിയിൽ നിയന്ത്രണംവിട്ട പിക്കപ്പ് വാൻ പൊലീസ് വാഹനത്തിലിടിച്ച് എസ്‌ഐക്കും ഡ്രൈവർക്കും പരുക്കേറ്റു. ഹൈവേ പട്രോളിങ് പൊലീസ് വാഹനത്തിലാണ് പിക്കപ്പ് വാൻ ഇടിച്ചത്. വാഹനത്തിലുണ്ടായിരുന്ന എസ്‌ഐ അജയ്കുമാർ (54), ഡ്രൈവർ അനീഷ് (26) എന്നിവർക്ക് പരുക്കേറ്റു. ഇരുവരെയും ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കു സാരമുള്ളതല്ല.

ഞായറാഴ്ച വൈകിട്ട് നാലുമണിയോടെ മൈസൂർ റോഡിൽ ഗീതാഞ്ജലി പമ്പിനു സമീപമാണ് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടമുണ്ടായത്. മുത്തങ്ങ ഭാഗത്തേക്കു പോകുകയായിരുന്ന പൊലീസ് ജീപ്പ്. മൈസൂരു ഭാഗത്തുനിന്ന് വാഴക്കുലയുമായി വരികയായിരുന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് പൊലീസ് ജീപ്പിൽ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ പൊലീസ് വാഹനത്തിന്റെ ചക്രവും സൈഡ് മിററും തകർന്നു. പിക്കപ്പ് വാഹനത്തിന്റെ ഡ്രൈവറായ നമ്പ്യാർകുന്ന് സ്വദേശി സുധീഷിന്റെ പേരിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇയാൾ ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണു കരുതുന്നത്.