കൊല്ലം: പരവൂർ മുനിസിഫ് കോടതിയിലെ എപിപി എസ്. അനീഷ്യ ജീവനൊടുക്കിയ സംഭവത്തിൽ മജിസ്‌ട്രേട്ടുമാരുടെ മൊഴിയെടുക്കും. വകുപ്പുതല അന്വേഷണം നടത്തുന്ന ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻസ് ( ഹെഡ്ക്വാർട്ടേഴ്‌സ് ) കെ. ഷീബ ഇതിനായി ഹൈക്കോടതി രജിസ്ട്രാറുടെ അനുമതി തേടി. അനുമതി ലഭിച്ചാലുടൻ മൊഴി രേഖപ്പെടുത്തുമെന്നാണ് വിവരം.

കഴിഞ്ഞ മാസം 23 - നാണ് ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ റ്റി.എ. ഷാജി വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടത്. 14 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം എന്നായിരുന്നു നിർദശം. ഇതിന്റെ ഭാഗമായി ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചു എന്നാണ് വിവരം. മജിസ്‌ട്രേട്ടുമാരുടെ മൊഴികൾ കൂടി രേഖപ്പെടുത്തിയാലേ അന്വേഷണം പൂർത്തിയാകുകയുള്ളൂ. അതിനു ശേഷമായിരിക്കും അന്തിമ റിപ്പോർട്ട് സമർപ്പിക്കുക. ഇതിന് ശേഷം മാത്രമേ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാകൂ.

സംഭവത്തിൽ ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണത്തിൽ ഒട്ടും പുരോഗതില്ലാത്ത അവസ്ഥയാണ്. ആരോപണ വിധേയരായ കൊല്ലത്ത ഡെപ്യൂട്ടി ഡയറക്ടർ ഒഫ് പ്രോസിക്യൂഷൻ അബ്ദുൾ ജലീൽ, പരവൂർ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലെ എപിപി കെ. ആർ. ശ്യാം കൃഷ്ണ എന്നിവരുടെ മൊഴികൾ ഇതുവരെ എടുക്കാൻ ഇതുവരെ ക്രൈംബ്രാഞ്ചിന് സാധിച്ചിട്ടില്ല.