വണ്ടിപ്പെരിയാർ: അഞ്ചുമാസമായി പെൻഷൻ മുടങ്ങിയതിനെത്തുടർന്ന് ജീവിക്കാൻ നിവർത്തി ഇല്ലാതായതിനാൽ നടുറോഡിൽ കസേരയിലിരുന്നു പ്രതിഷേധിച്ച വൃദ്ധയുടെ സംരക്ഷണം കോൺഗ്രസ് ഏറ്റെടുക്കുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പൊന്നമ്മയെ ഫോണിൽ വിളിച്ചാണു സതീശൻ ഇക്കാര്യമറിയിച്ചത്.വണ്ടിപ്പെരിയാർ എച്ച്പിസി പുറമ്പോക്ക് കോളനിയിലെ പൊന്നമ്മ എന്ന 90കാരിയാണ് ഒരു നേരത്തെ ആഹാരത്തിന് പോലും വകയില്ലാതെ വന്നതോടെ പ്രതിഷേധവുമായി രംഗത്ത് എത്തിയത്.

സതീശൻ വിളിച്ചതിനു പിന്നാലെ ഡിസിസിയുടെ നേതൃത്വത്തിൽ ഒരു മാസത്തെ പെൻഷൻ തുകയും വീട്ടാവശ്യത്തിനുള്ള അരിയും പലവ്യഞ്ജനങ്ങളും എത്തിച്ചു കൊടുത്തു. സമരവാർത്ത ശ്രദ്ധയിൽപെട്ട, മട്ടാഞ്ചേരിയിലെ ജീവകാരുണ്യ പ്രവർത്തകനായ മുകേഷ് ജൈൻ പൊന്നമ്മയെ സന്ദർശിച്ചു വസ്ത്രം, മരുന്ന്, ഭക്ഷണസാധനങ്ങൾ എന്നിവ കൈമാറി. കഴിഞ്ഞ 3 മാസമായി പൊന്നമ്മയ്ക്ക് ആഹാരം നൽകിവരുന്ന സമീപത്തെ ഹോട്ടലിലെ പണവും ഇദ്ദേഹം നൽകി. വരുംദിവസങ്ങളിലെ ഭക്ഷണത്തിനുള്ള പണവും അദ്ദേഹം കൈമാറി.

അതേസമയം സഹായ വാഗ്ദാനവുമായി ബിജെപിയും രംഗത്തെത്തി. പെൻഷൻ കിട്ടുന്നതുവരെ സഹായം നൽകുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് സി.സന്തോഷ്‌കുമാർ അറിയിച്ചു. ബുധനാഴ്ച വൈകിട്ടാണു പൊന്നമ്മ ഒന്നര മണിക്കൂർ നേരം റോഡിൽ കസേരയിട്ടിരുന്ന് പ്രതിഷേധിച്ചത്. ഒറ്റമുറി വീട്ടിൽ മകൻ മായനൊപ്പമാണു താമസം.