കണ്ണൂർ: ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദേശ നിക്ഷേപം കൊണ്ടുവരുമെന്ന ധനകാര്യ മന്ത്രി നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിൽ തെറ്റില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. കണ്ണൂർ ഇ.കെ നായനാർ അക്കാദമിയിൽ കെ.എസ്.ടി.എ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.

ഒരു പാട് മാറ്റങ്ങൾ വരുന്നുണ്ട്, അതൊക്കെ കണ്ടില്ലെന്നു നടിക്കാൻ കഴിയില്ല. കുട്ടികളുടെ വിരൽ തുമ്പിൽ കാര്യങ്ങളറിയാൻ കഴിയുന്നുണ്ട്. എവിടെ പഠിക്കാൻ പോകണമെന്ന് അവർ തന്നെയാണ് ഇപ്പോൾ തീരുമാനിക്കുന്നത്. സർക്കാർ നയം മാറ്റം കാലോചിതമാണ്. വിദ്യാഭ്യാസ മേഖല സംബന്ധിച്ച് ഒരു നയം സ്വീകരിച്ചാൽ ലോകാവസാനം വരെ അതു തന്നെ തുടരണമെന്നില്ലെന്നും മന്തി പറഞ്ഞു.

ഉന്നത വിദ്യാഭ്യാസപഠനത്തിനായി കേരളത്തിലെ കുട്ടികൾ ധാരാളമായി പുറത്തു പോകുന്നുണ്ട്. സ്വകാര്യ നിക്ഷേപം കൊണ്ടുവരുന്നതിൽ ഇതു പ്രധാനപ്പെട്ട കാരണമാണ്. ഉന്നത വിദ്യാഭ്യാസത്തിന്റെ കാര്യത്തിലാണ് ഇപ്പോൾ സ്വകാര്യ മേഖലയെ ക്ഷണിച്ചത്. പൊതുവിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ഇപ്പോൾ ആലോചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

കേന്ദ്രസർക്കാർ ബ്ജറ്റിൽ കേരളത്തിനൊന്നും നൽകിയിട്ടില്ല.നരേന്ദ്ര മോദി ഏകാധിപതിയായ ഭരണാധികാരിയാണെന്നും ശിവൻകുട്ടി ആരോപിച്ചു. കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രിമാർ ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. യാതൊരു വസ്തുതയും അതിലില്ല. കേന്ദ്ര ധനമന്ത്രി കേരളത്തിന് ആനുകൂല്യങ്ങൾ വാരിക്കോരി നൽകിയെന്നു പറയുന്നത് തെറ്റിദ്ധരിപ്പിക്കാനാണ്. ഡൽഹിയിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ നടത്തിയ സമരം ജനശ്രദ്ധ നേടിയെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു.