കൊട്ടാരക്കര: കേച്ചേരി നിക്ഷേപകത്തട്ടിപ്പിൽ വലിയ തുക നഷ്ടപ്പെട്ട നിക്ഷേപകൻ പ്രതിഷേധക്കൂട്ടായ്മയിൽ സംസാരിക്കവെ കുഴഞ്ഞുവീണു മരിച്ചു. തിരുവനന്തപുരം അറപ്പുര ലെയിൻ ശ്രീരാഗത്തിൽ എം.ബി.രാജേന്ദ്രകുമാറാ(62)ണ് മരിച്ചത്.

കൊട്ടാരക്കരയിൽ നടന്ന, തട്ടിപ്പിനിരയായവരുടെ യോഗത്തിൽ സംസാരിക്കവെയാണ് കുഴഞ്ഞുവീണത്. ഉടൻതന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഞായറാഴ്ച പതിനൊന്നോടെ ആയിരുന്നു സംഭവം. തട്ടിപ്പുസംബന്ധിച്ച കേസ് വിവരങ്ങൾ ചർച്ചചെയ്യുന്നതിനാണ് യോഗം ചേർന്നത്. സിബിഐ. അന്വേഷണം പ്രഖ്യാപിച്ചതിനെ തുടർന്നുള്ള വിവരങ്ങൾ ചർച്ചചെയ്യുന്നതിനിടെ കുറച്ചുനേരം മാത്രമാണ് അദ്ദേഹം യോഗത്തിൽ സംസാരിച്ചതെന്ന് സംഘാടകർ പറഞ്ഞു. കൊട്ടാരക്കര പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.