വേങ്ങര: എൽ.എസ്.എസ്. സ്‌കോളർഷിപ്പ് പരീക്ഷ എഴുതാനെത്തിയ മുപ്പതോളം വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. ഭക്ഷ്യവിഷബാധയേറ്റവർ തിരൂരങ്ങാടി ഗവ. താലൂക്കാശുപത്രിയിലും കുന്നുംപുറത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. കണ്ണമംഗലം ഗ്രാമപ്പഞ്ചായത്തിലെ എൽ.എസ്.എസ്. പരീക്ഷാ കേന്ദ്രമായ കണ്ണമംഗലം അച്ചനമ്പലം ഗവ. യു.പി. സ്‌കൂളിൽ പരീക്ഷയ്ക്കെത്തിയ വിദ്യാർത്ഥികൾക്കും എടക്കാപ്പറമ്പ് ജി.എൽ.പി. സ്‌കൂളിലെ ഒരു അദ്ധ്യാപികയ്ക്കുമാണ് ഭക്ഷ്യവിഷബാധയേറ്റത്.

സ്‌കൂളിൽനിന്ന് നൽകിയ ഉച്ചഭക്ഷണം കഴിച്ചവർക്കാണ് അസ്വസ്ഥതയുണ്ടായത്. ഉച്ചയ്ക്ക് ചോറിനൊപ്പം കോഴിക്കറിയാണ് നൽകിയിരുന്നത്. ഇതുകഴിച്ച പല വിദ്യാർത്ഥികൾക്കും അസ്വസ്ഥതയും ഛർദ്ദിയും അനുഭവപ്പെട്ടു. ഉച്ചഭക്ഷണത്തിൽ നൽകിയ തൈരിൽനിന്നോ കോഴിക്കറിയിൽനിന്നോ ആകാം വിഷബാധ ഏറ്റതെന്ന നിഗമനത്തിലാണ് അധികൃതർ.

ഉച്ചയ്ക്ക്ശേഷമുള്ള രണ്ടാം പേപ്പർ പരീക്ഷ പല വിദ്യാർത്ഥികൾക്കും എഴുതാന് കഴിഞ്ഞില്ലെന്ന പരാതിയുമുണ്ട്. കണ്ണമംഗലം പഞ്ചായത്തിലെ പരീക്ഷാ കേന്ദ്രമായ അച്ചനമ്പലം യു.പി. സ്‌കൂളിൽ 195 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. ഒൻപത് വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളാണ് ഇവിടെ പരീക്ഷയെഴുതാൻ എത്തിയത്. എടക്കാപറമ്പ് എൽ.പി. സ്‌കൂളിലേയും തോട്ടശ്ശേരിയറ എൽ.പി. സ്‌കൂളിലേയും വിദ്യാർത്ഥികളാണ് ഭക്ഷ്യവിഷബാധയേറ്റവരിൽ അധികവും.