ഇരിങ്ങാലക്കുട: വനിത ഡോക്ടറെ കയ്യേറ്റം ചെയ്ത പഞ്ചായത്ത് അംഗത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ബിജെപി പ്രവർത്തകനും പടിയൂർ പഞ്ചായത്തിലെ 11ാം വാർഡ് അംഗവുമായ ശ്രീജിത്ത് മണ്ണായിയെയാണ് ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്തത്. പൊറത്തിശ്ശേരി ഹെൽത്ത് സെന്ററിലെ ഡോക്ടറായ കാട്ടൂർ സ്വദേശിനിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

ഉറക്കം കുറവ് അനുഭവപ്പെടുന്നതിനെ തുടർന്ന് കഴിഞ്ഞ ദിവസം രാവിലെ ഡോക്ടറെ കാണാൻ എത്തിയതായിരുന്നു ശ്രീജിത്ത്. മുറിയിൽ സംസാരിക്കുന്നതിനിടയിൽ യാതൊരു പ്രകോപനവുമില്ലാതെ ഡോക്ടറെ കയ്യേറ്റം ചെയ്യുകയും മുറിയിലെ സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തതായി ഹെൽത്ത് സെന്ററിലെ ജീവനക്കാർ പറഞ്ഞു.

അടച്ചിട്ട മുറിയിൽ നിന്നു ബഹളം കേട്ട് എത്തിയ ജീവനക്കാരും മറ്റു രോഗികളും ഇയാളെ തടഞ്ഞു നിർത്തി. വിവരം അറിയിച്ചതിനെ തുടർന്ന് ഇരിങ്ങാലക്കുട പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പരുക്കേറ്റ ഡോക്ടർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.