തിരുവനന്തപുരം: കായംകുളത്തെ വ്യാജ ഡിഗ്രി വിവാദത്തിൽ എസ്.എഫ്.ഐ നേതാവ് നിഖിൽ തോമസിന്റെ മുഴുവൻ സർട്ടിഫിക്കറ്റുകളും പരിശോധിക്കാൻ കേരള സർവകലാശാല നിർദ്ദേശം. ഇതുസംബന്ധിച്ച് സർവകലാശാല രജിസ്ട്രാർക്കാണ് വൈസ് ചാൻസലർ നിർദ്ദേശം നൽകിയത്.

കേരള സർവകലാശാലയിൽ നിന്ന് ലഭിച്ച സർട്ടിഫിക്കറ്റുകൾ, കലിംഗ സർവകലാശാലയിൽ നിന്ന് ഹാജരാക്കിയ സർട്ടിഫിക്കറ്റ്, ഈ സർട്ടിഫിക്കറ്റിന് ഇക്വുലന്റ് സർട്ടിഫിക്കറ്റ് നൽകാനുള്ള സാഹചര്യം എന്നിവ പരിശോധിച്ച് റിപ്പോർട്ട് നൽകാനാണ് രജിസ്ട്രാറോട് വി സി നിർദേശിച്ചിട്ടുള്ളത്.

എം.എസ്.എം കോളജിലെ പഠനകാലയളവിലെ പരീക്ഷകളിൽ പരാജയപ്പെട്ടതോടെ ഇത് റദ്ദാക്കി കലിംഗ സർവകലാശാലയിൽ ബിരുദത്തിന് ചേർന്നതായാണ് നിഖിലിന്റെ വാദം. ഈ പറയുന്ന 2019ൽ എം.എസ്.എമ്മിലെ യൂനിവേഴ്‌സിറ്റി യൂനിയൻ കൗൺസിലറും 2020ൽ സർവകലാശാല യൂനിയൻ ജോയന്റ് സെക്രട്ടറിയുമായി പ്രവർത്തിച്ചതിന്റെ സാധുതയാണ് ഇതോടെ ചോദ്യം ചെയ്യപ്പെടുന്നത്.

വ്യാജ ഡിഗ്രി വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പരാതി നൽകിയിരുന്നു. ആരോപണത്തിൽ സമഗ്ര അന്വേഷണം വേണമെന്നാണ് പരാതിയിലെ ആവശ്യം.