കോഴിക്കോട്: സംസ്ഥാനത്തെ നിപ ഭീതി അകലുന്നു. വ്യാഴാഴ്ച രാവിലെ 24 സാമ്പിളുകൾ കൂടി നെഗറ്റീവ് ആയി. മൂന്ന് സാമ്പിളുകളുടെ ഫലംകൂടി ഉടൻ എത്തിയേക്കും. ഇതുവരെ 382 സാമ്പിളുകളാണ് നെഗറ്റീവ് ആയിട്ടുള്ളത്.

ചികിത്സയിലുള്ള ഒമ്പതു വയസുകാരന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായി അധികൃതർ പറഞ്ഞു. സാധാരണ നിലയിലേക്ക് വരുന്നതിന്റെ ലക്ഷണങ്ങൾ കുട്ടി കാണിക്കുന്നുണ്ട്. കുട്ടിക്ക് നൽകിയിരുന്ന ഓക്സിജൻ സഹായം കഴിഞ്ഞദിവസം ഒഴിവാക്കി.

ചികിത്സയിലുള്ള മറ്റ് മൂന്നുപേരുടെയും നിലയിലും പുരോഗതിയുണ്ട്. ഇവർക്കും കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ല. നിലവിൽ 950 പേരാണ് സമ്പർക്ക പട്ടികയിലായി ഐസലോഷനിൽ കഴിയുന്നത്. ഇവർക്കാർക്കും മറ്റ് ലക്ഷണങ്ങൾ ഇല്ലെന്ന് ആരോഗ്യപ്രവർത്തകർ പറഞ്ഞു.

ഇതിനിടെ പൂന, ഭോപ്പാൽ മെഡിക്കൽ സംഘങ്ങൾ വവ്വാലിന്റെ സാമ്പിൾ വെവ്വേറെ ശേഖരിക്കും. നിലവിൽ ഇവർ നടത്തിയ പരിശോധന എല്ലാം നെഗറ്റീവ് ആണ്. എന്നാൽ നിപയുടെ ഉറവിടം ഇതുവരെയും കണ്ടെത്താനായിട്ടില്ല.