പാലക്കാട്: സനാതനധർമത്തിൽ വിശ്വസിക്കുന്നവരെല്ലാം ഹിന്ദുക്കളാണെന്ന് റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ ദേശീയ വൈസ് പ്രസിഡന്റും മനുഷ്യാവകാശ ഉപദേഷ്ടാവുമായ നുസ്രത്ത് ജഹാൻ. മഹിള സമന്വയ സമിതി സംസ്ഥാന സ്ത്രീശക്തി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

താനും ഹിന്ദുവാണെന്ന് പറയുന്നതിൽ അഭിമാനമുണ്ട്. തനിക്ക് മുന്നിൽ രാജ്യമല്ലാതെ സമുദായമില്ല. ഒരു വ്യക്തിയുടെ സംസ്‌കാരമാണ് ഹിന്ദുത്വം. അതിൽ മതമില്ല. എന്നാൽ, ബാക്കി മതങ്ങൾ പറയുന്നത് നേരെ തിരിച്ചാണ്. ഇന്ന് ഭാരതം മറ്റു രാജ്യങ്ങൾക്ക് മുന്നിലെത്തിയെങ്കിൽ അതിന് കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും അവർ പറഞ്ഞു.

സംഘാടകസമിതി അധ്യക്ഷ റിട്ട. ജില്ല ജഡ്ജി ടി. ഇന്ദിര അധ്യക്ഷത വഹിച്ചു. ജന. കൺവീനർ പ്രമീള ശശിധരൻ, സജി ശ്യാം എന്നിവർ സംസാരിച്ചു. ബിജെപി സംസ്ഥാന ഉപാധ്യക്ഷ ഡോ. പ്രമീള ദേവി, ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ ഡോ. ആർ. അർച്ചന, ബാലഗോകുലം സംസ്ഥാന ഭഗിനി പ്രമുഖ് പി. കൃഷ്ണപ്രിയ എന്നിവർ വിഷയാവതരണം നടത്തി. ഡോ. ലത നായർ, ഡോ. സൗദാമിനി മേനോൻ, ജയ അച്യുതൻ എന്നിവർ അധ്യക്ഷത വഹിച്ചു. മഹിള മോർച്ച സംസ്ഥാനാധ്യക്ഷ അഡ്വ. നിവേദിത സമാപന പ്രഭാഷണം നടത്തി. ബ്രഹ്മകുമാരി മീന മുഖ്യപ്രഭാഷണം നിർവഹിച്ചു. ഭുവനേശ്വരി, എം. രാജലക്ഷ്മി, അഡ്വ. സിനി മനോജ്, ദീപ മേനോൻ, രാജേശ്വരി, തങ്കമണി ചന്ദ്രശേഖർ എന്നിവർ സംസാരിച്ചു.