തിരുവനന്തപുരം: തിരുവോണം ബംപറിന്റെ ഒന്നാം സമ്മാനത്തുക 30 കോടിയാക്കണമെന്ന ശുപാർശ ധനവകുപ്പ് തള്ളി. ഒന്നാം സമ്മാനം 25 കോടിയായി തുടരും. ഇത്തവണ രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേർക്ക് നൽകും. കഴിഞ്ഞ തവണ രണ്ടാം സമ്മാനം ഒരാൾക്ക് അഞ്ച് കോടിയായിരുന്നു. തിരുവോണ ബംപർ കൂടുതൽ ആകർഷകമാക്കുന്നതിന് ഒന്നാം സമ്മാനം 30 കോടിയാക്കണമെന്ന് ലോട്ടറി വകുപ്പ് ഉദ്യോ?ഗസ്ഥർ ശുപാർശ ചെയ്തിരുന്നു.

എന്നാൽ നിലവിലെ സമ്മാനത്തുകയായ 25 കോടി തന്നെ ഇത്തവണയും തുടർന്നാൽ മതിയെന്നാണ് ധനവകുപ്പിന്റെ തീരുമാനം. എന്നാൽ രണ്ടാം സമ്മാനത്തിന്റെ തുകയിൽ ഇത്തവണ മാറ്റമുണ്ട്. അഞ്ചു കോടിയായിരുന്നു കഴിഞ്ഞ തിരുവോണം ബംപറിന്റെ രണ്ടാം സമ്മാനം. ഇത്തവണ ഒരു കോടി വീതം 20 പേർക്ക് നൽകും. 67.5 ലക്ഷം ടിക്കറ്റുകളാണ് കഴിഞ്ഞ തവണ അച്ചടിച്ചത്. ഇതിൽ 66.5 ലക്ഷത്തിലേറെ ടിക്കറ്റുകൾ വിറ്റുപോയി.

2021ൽ ഒന്നാം സമ്മാനം 12 കോടിയും ടിക്കറ്റ് വില 300 രൂപയുമായിരുന്നു. ഇത്തവണയും തിരുവോണം ബംപറിന് നല്ല സ്വീകാര്യത ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഭാഗ്യക്കുറിവകുപ്പ്. അതിനാണ് രണ്ടാം സമ്മാനം 20 പേർക്ക് കിട്ടുന്ന തരത്തിൽ സമ്മാനഘടന ക്രമീകരിച്ചത്. 500 രൂപയാണ് തിരുവോണം ബംപർ ടിക്കറ്റിന്റെ വില.